മാഡ്രിഡ്/ ലണ്ടൻ: ലാ ലിഗയിൽ വിജയക്കുതിപ്പുമായി റയൽ മാഡ്രിഡ്. സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളിനാണ് റയൽ തകർത്തത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ആറാം വിജയം സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലക്കുരുക്ക്.

To advertise here,

സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ റയലിനായി എംബാപ്പെ ഇരട്ടഗോളുകൾ കണ്ടെത്തി. ആർദ ഗുള്ളറും യാൻ ഡയമോണ്ടെയുമാണ് മറ്റ് ഗോൾ സ്‌കോറർമാർ. 80-ാം മിനിറ്റിൽ മാനു ബ്യൂനോ സെവിയ്യയുടെ ഏക ഗോൾ നേടി.

മറ്റു മത്സരങ്ങളിൽ റയൽ സൊസൈദാദ് 5-2ന് മലാഗയേയും ഒന്നിനെതിരെ രണ്ട് ഗോളിന് സെൽറ്റ അലാവെസിനേയും തോൽപ്പിച്ചു. റെയ്‌സിങ് സാന്റൻഡെറിനെതിരെ ഒസാസുനയും വിജയിച്ചു. (2-0). വലൻസിയയും അത്‌ലറ്റിക്കും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിലും പിരിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണൽ തോൽപ്പിച്ചത്. 80-ാം മിനിറ്റിൽ നോനി മഡ്യുകെ ആഴ്‌സണലിന്റെ വിജയഗോൾ നേടി. അതേസമയം യുണൈറ്റഡ് ലീഡ്‌സിനോട് സമനില വഴങ്ങി. ബ്രയാൻ എംബ്യൂമോയുടെ ഗോലിൽ യുണൈറ്റഡ് ലീഡെടുത്തെങ്കിലും 51-ാം മിനിറ്റിൽ ഡൊമിനിക് കാൾവെർട്ട് ലീഡ്‌സിന് സമനില ഗോൾ സമ്മാനിക്കുകയായിരുന്നു. ഏഴ് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമുള്ള യുണൈറ്റഡ് നിലവിൽ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ ബേൺമൗത്ത്, സണ്ടർലാൻഡിനെ 2-0ത്തിനും ബ്രൈറ്റൺ, ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോൽപ്പിച്ചു.