സാൽസ്ബർഗ്: ഫുട്ബോൾ സീസണിന് ആരംഭംകുറിച്ചുകൊണ്ട് യൂറോപ്പിൽ സൂപ്പർ പോരാട്ടം. യുവേഫ സൂപ്പർ കപ്പിന്റെ ഫൈനലിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി.യും യൂറോപ്പ ചാമ്പ്യന്മാരായ ആസ്റ്റൺ വില്ലയും നേർക്കുനേർ. ബുധനാഴ്ച രാത്രി 12.30-നാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.

To advertise here,

കരുത്തോടെ പി.എസ്.ജി.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം കിരീടം നേടിയ ടീമിനെ പുതിയ സീസണിലേക്കും നിലനിർത്താൻ പി.എസ്.ജി.ക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ചുകാലമായി ഒരുമിച്ചു കളിക്കുന്നതിന്റെ ആനുകൂല്യം ടീമിനുണ്ട്. ലൂയി എന്റീക്കെയെന്ന തന്ത്രശാലിയായ പരിശീലകൻ ഒരുക്കിയിറക്കുന്ന ടീം ഏറക്കുറെ സന്തുലിതമാണ്. ഒസ്മാൻ ഡെംബലെ - ഡെസീറെ ഡുവെ - ഖ്വിച്ച വാരത്‌സ്‌ഹേലിയ എന്നിവർ അണിനിരക്കുന്ന മുന്നേറ്റം മാരകമാണ്. മധ്യനിരയിൽ ഫാബിയൻ റൂയിസ്, വിറ്റീന്യ, ജാവോ നെവാസ് എന്നിവരുണ്ടാകും. പ്രതിരോധത്തിൽ മാർക്വിന്യോസ്, പാച്ചോ, നൂനോ മെൻഡസ്, അഷ്റഫ് ഹക്കീമി എന്നിവർ ഇറങ്ങും. ലൂക്കാസ് ഷെവലിയറാകും ഗോളി. 4-3-3 ശൈലിയിലാകും ടീം ഇറങ്ങുന്നത്.

വെട്ടിപ്പിടിക്കാൻ വില്ല

ഉനായ് എമറി പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ല ടീമിൽ പരിക്കുമൂലം അമദു ഒനാനയും ജോഹാൻ മാൻസാബിയുമുണ്ടാകില്ല. ചെൽസിയിലേക്ക് കൂടുമാറിയ മാർ മോർഗൻ റോജേഴ്സിന്റെ അഭാവം മധ്യനിരയിൽ ടീമിനെ ബാധിക്കും. പുതുതായി ടീമിലേക്കെത്തിയ അലക്സാൻഡ്രോ ഗർനാച്ചോ കളിക്കാനാണ് സാധ്യത.

4-2-3-1 ശൈലിയാകും എമറി സ്വീകരിക്കുന്നത്. ഒലി വാറ്റ്കിൻസ് മുന്നേറ്റത്തിൽ ഇറങ്ങും. ഗർനാച്ചോ-എമിലിയാനോ ബുണ്ടിയ-ജോൺ മാക്ഗിൻ എന്നിവർ അറ്റാക്കിങ് മിഡ്ഫീൽഡിലും ജാവോ ഗോമസ്, ബൗബക്കർ കമാറ എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡിലും കളിക്കും. എസ്റി കോൻസക്കും പാവു ടോറസിനുമാകും പ്രതിരോധത്തിന്റെ ചുമതല. എമിലിയാനോ മാർട്ടിനെസ് ഗോൾവലകാക്കും.

ലക്ഷ്യം രണ്ടാം കിരീടം

ഇരുടീമുകളും രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷമാണ് പി.എസ്.ജി. ആദ്യമായി സൂപ്പർ കപ്പുയർത്തിയത്. 1982-ലാണ് ആസ്റ്റൺ വില്ല കിരീടം നേടുന്നത്. രണ്ടാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.

വിജയികൾക്ക് 55 കോടി

സൂപ്പർ കപ്പ് വിജയികൾക്ക് 55 കോടി രൂപ ലഭിക്കും. ഇതിൽ 44 കോടിയും പങ്കാളിത്ത തുകയും 11 കോടി ബോണസുമാണ്. റണ്ണറപ്പിന് 44 കോടി ലഭിക്കും. ചാമ്പ്യൻസ് ലീഗ് ജയിച്ചപ്പോൾ പിഎസ്ജിക്ക് സമ്മാനത്തുകയായി ലഭിച്ചത് 1286 കോടി രൂപയാണ്. ആസ്റ്റൺ വില്ല യൂറോപ്പ ജയിച്ചപ്പോൾ 386 കോടി രൂപ കിട്ടി.