ടൊറന്റോ: ഗുഡ് ബൈ എന്നതിന് ക്രൊയേഷ്യൻ ഭാഷയിൽ ‘ഡോവീജെൻയാ’ എന്നാണ് പറയുക. പോർച്ചുഗീസിലാണെങ്കിൽ അഡിയോസ് എന്നും. വെള്ളിയാഴ്ച ലോകഫുട്‌ബോളിലെ രണ്ടു സൂപ്പർതാരങ്ങൾ മുഖാമുഖം വരുമ്പോൾ ടൊറന്റോയിലെ മൈതാനത്ത് ഏതു ഭാഷയിൽ ഗുഡ് ബൈ മുഴങ്ങും? ലോകകപ്പ് ഫുട്‌ബോളിലെ റൗണ്ട് ഓഫ് 32-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലും ലൂക്കാ മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ഇതിഹാസത്തിന് മടങ്ങിയേ മതിയാകൂ. മത്സരം ഇന്ത്യൻസമയം പുലർച്ചെ 4.30 മുതൽ.

To advertise here,

40-കാരനായ മോഡ്രിച്ചിന്റെയും 41-കാരനായ ക്രിസ്റ്റ്യാനോയുടെയും അവസാനലോകകപ്പായിരിക്കും ഇത്. ക്രിസ്റ്റ്യാനോയുടെ ആറാം ലോകകപ്പ്. മോഡ്രിച്ചിന് അഞ്ചാമത്തേതും. റയൽ മഡ്രിഡിൽ ഇരുവരും ആറു സീസണുകളിൽ ഒരുമിച്ച് കളിച്ചിരുന്നു.

രണ്ടാം സ്ഥാനക്കാർ

ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് പോർച്ചുഗലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. പോർച്ചുഗൽ കെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി നോക്കൗട്ട് ഉറപ്പിച്ചു. കോംഗോയ്ക്കും കൊളംബിയയ്ക്കുമെതിരേ സമനിലയിൽ കുരുങ്ങിയപ്പോൾ ഉസ്‌ബെക്കിസ്താനെതിരേ വമ്പൻ ജയം നേടി. എൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായിരുന്നു ക്രൊയേഷ്യ. ഇംഗ്ലണ്ടിനോടു തോറ്റെങ്കിലും പിന്നീട് പാനമ, ഘാന ടീമുകളെ തോൽപ്പിച്ച് നോക്കൗട്ട് ഉറപ്പിച്ചു.

4-2-3-1 എന്ന ശൈലിയിലാണ് കഴിഞ്ഞമത്സരങ്ങളിൽ ഇരുടീമുകളും കളിച്ചത്. നോക്കൗട്ടിൽ കാര്യമായ മാറ്റത്തിന് ടീമുകൾ തയ്യാറാവില്ല.

ജോട്ടയുടെ ഓർമ്മയിൽ

‘‘ഞങ്ങൾക്ക് അവനുവേണ്ടി കിരീടം നേടണം’’ -രണ്ടുദിവസംമുൻപ് മാധ്യമങ്ങളെക്കണ്ട പോർച്ചുഗീസ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ക്രൊയേഷ്യക്കെതിരേ കളത്തിലിറങ്ങുമ്പോൾ പോർച്ചുഗീസ് താരങ്ങളുടെ ഓർമ്മകൾ ജോട്ടയ്‌ക്കൊപ്പമാവും. സഹതാരമായിരുന്ന ഡീഗോ ജോട്ടയുടെ വിയോഗത്തിന് വെള്ളിയാഴ്ച ഒരു വർഷം തികയും. കഴിഞ്ഞവർഷം ജൂലായ് മൂന്നിന് സ്‌പെയിനിലെ സെർണഡില്ലയിലുണ്ടായ കാറപകടത്തിലാണ് ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും മരണപ്പെട്ടത്. 2019-25 കാലഘട്ടത്തിൽ പോർച്ചുഗലിനായി 49 മത്സരങ്ങൾ കളിച്ച ജോട്ട 14 ഗോളും നേടിയിരുന്നു.