
2016 മുതൽ മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകനാണ് പെപ് ഗാർഡിയോള. ഇക്കാലയളവിൽ അഞ്ചുവട്ടം സിറ്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ചാമ്പ്യന്മാരാക്കി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്, എഫ്.എ. കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിങ്ങനെയുള്ള ടൂർണമെന്റുകളിലും പെപ്പിന്റെ ടീം വെന്നിക്കൊടിപാറിച്ചു. ഈ സീസണിലും മാഞ്ചെസ്റ്റർ സിറ്റി മിന്നുന്നഫോമിലാണ്. 19 മത്സരങ്ങളിൽ 40 പോയന്റോടെ മൂന്നാം സ്ഥാനത്ത്. വിജയക്കുതിപ്പ് തുടരുന്നതിനിടെ പെപ് ഗാർഡിയോള സംസാരിക്കുന്നു.
? ഇന്ത്യയിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ഒട്ടേറെ ആരാധകരുണ്ട്. അവരോട് പറയാനുള്ളത്
-മാഞ്ചെസ്റ്റർ സിറ്റിക്ക് ഇന്ത്യയുമായി മികച്ചബന്ധമുണ്ട്. കഴിഞ്ഞ സീസണിൽ നേടിയ കിരീടങ്ങളെല്ലാം ഇന്ത്യയിൽ എത്തിച്ചിരുന്നു. അന്ന് ഒരുപാട് ആരാധകർ ആ കിരീടങ്ങൾക്കുമുന്നിൽ ഫോട്ടോക്ക് പോസ് ചെയ്തു. അവരുടെ ആവേശം കണ്ടപ്പോൾ വലിയ സന്തോഷംതോന്നി. ഇതുവരെ ഇന്ത്യയിലേക്ക് വന്നിട്ടില്ല. ഇന്ത്യയിൽ കുറച്ചുസമയം ചെലവഴിക്കണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
? ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ. കപ്പ്; കഴിഞ്ഞ സീസണിൽ ‘ട്രെബിൾ’ സ്വന്തമാക്കിയ ടീമാണ് സിറ്റി. ഇത്തവണയും മൂന്നു കിരീടം ലക്ഷ്യമിടുന്നുണ്ടോ
-ട്രെബിൾ എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് സിറ്റി. ആദ്യത്തേത് മാഞ്ചെസ്റ്റർ യുണൈറ്റഡും. അതിൽനിന്നറിയാം ഇത് എത്രത്തോളം പ്രയാസംനിറഞ്ഞ കാര്യമാണെന്ന്. ഇക്കുറി ട്രെബിൾ നേടുമോയെന്ന് പറയാനാകില്ല. അതൊരു ഫാന്റസിയാണ്. അങ്ങനെ സംഭവിച്ചാൽ ഞങ്ങൾക്ക് വിരമിക്കാം. ഇപ്പോൾ അതിനെപ്പറ്റി ചിന്തിക്കുന്നില്ല. അടുത്തമത്സരത്തെപ്പറ്റി മാത്രമാണ് ചിന്ത.
? പരിശീലകൻ എന്നനിലയിൽ പ്രയാസംനേരിട്ട എവേ ഗ്രൗണ്ടുകൾ ഏതൊക്കെ
-ഇത് പ്രീമിയർ ലീഗാണ്. എല്ലാ എതിരാളികളും കരുത്തരാണ്. അവരുടെ സ്‌റ്റേഡിയങ്ങളിൽ കളിക്കുന്നതും വെല്ലുവിളിയാണ്. എല്ലാമത്സരങ്ങളും ഓരോതരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏറ്റവും പ്രയാസമേറിയ എവേ ഗ്രൗണ്ട് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ, ലിവർപൂളിന്റെ ആൻഫീൽഡ്, മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോഡ്, ടോട്ടനത്തിന്റെ പുതിയ സ്റ്റേഡിയം എന്നിവ അതിൽ ഉൾപ്പെടും.
? സിറ്റിക്കൊപ്പം ഏറ്റവും ബുദ്ധിമുട്ടുതോന്നിയ കാര്യമെന്താണ്
-സിറ്റി ക്യാമ്പിൽ മികച്ച ഒട്ടേറെ കളിക്കാരുണ്ട്. ഓരോരുത്തർക്കും ലോകനിലവാരമുണ്ട്. അവരൊക്ക നല്ല മനുഷ്യരുമാണ്. ഈ നിരയിൽനിന്ന് ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രയാസം. പലർക്കും അവർ അർഹിച്ച അത്രയും സമയം കളിക്കാൻ അവസരം കിട്ടുന്നില്ല. എല്ലാവരെയും കളിപ്പിക്കാനും ടീമിലെടുക്കാനും പറ്റില്ലല്ലോ.
Content Highlights: pep guardiola has interst to come in india
Published: 12 Jan 2024, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented