
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ലിവര്‍പൂളിന് സമനില. താരതമ്യേന ദുര്‍ബലരായ ക്രിസ്റ്റല്‍ പാലസാണ് ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പുതിയ സീസണില്‍ ലിവര്‍പൂളിന് ഇതുവരെ വിജയം നേടാനായിട്ടില്ല.
ക്രിസ്റ്റല്‍ പാലസിനായി വില്‍ഫ്രഡ് സാഹയും ലിവര്‍പൂളിനായി ലൂയിസ് ഡയസും ലക്ഷ്യം കണ്ടു. സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായി.
ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ 32-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹയിലൂടെ ക്രിസ്റ്റല്‍ പാലസാണ് ആദ്യം മുന്നിലെത്തിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ സാഹ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ആന്‍ഫീല്‍ഡ് ഒന്നടങ്കം നിശബ്ദമായി. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ലിവര്‍പൂളായിരുന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. 57-ാം മിനിറ്റില്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ചെമ്പട പത്തുപേരായി ചുരുങ്ങി. ക്രിസ്റ്റല്‍ പാലസിന്റെ പ്രതിരോധതാരം ജോക്കിം ആന്‍ഡേഴ്‌സണെ തലകൊണ്ട് ഇടിച്ചതിനാണ് ന്യൂനസ്സിന് ചുവപ്പുകാര്‍ഡ് കിട്ടിയത്.
പത്തുപേരായി ചുരുങ്ങിയ ലിവര്‍പൂള്‍ തോല്‍വി വഴങ്ങുമെന്ന് ഉറപ്പിച്ച സമയത്ത് രക്ഷകനായി ലൂയിസ് ഡയസ് അവതരിച്ചു. അതിമനോഹരമായ ഗോളിലൂടെ ഡയസ് ടീമിന് സമനില സമ്മാനിച്ചു. ക്രിസ്റ്റല്‍ പാലസിന്റെ ആറ് താരങ്ങളെ മറികടന്ന് ഡയസ് തൊടുത്തുവിട്ട തകര്‍പ്പന്‍ ഷോട്ട് ഗോള്‍വല തുളച്ചുകയറി.
പത്തുപേരായി ചുരുങ്ങിയ ലിവര്‍പൂളിനെതിരേ അവസരം മുതലെടുക്കാന്‍ ക്രിസ്റ്റല്‍ പാലസിന് സാധിച്ചില്ല. മത്സരം സമനിലയില്‍ കലാശിച്ചു. ഈ സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തില്‍ ഫുള്‍ഹാം ചെമ്പടയെ സമനിലയില്‍ കുരുക്കിയിരുന്നു. ഈ സമനിലയോടെ ലിവര്‍പൂള്‍ രണ്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ 12-ാമതാണ്. ക്രിസ്റ്റല്‍ പാലസ് 16-ാം സ്ഥാനത്താണ്.
Content Highlights: liverpool, english premier league, epl 2022-2023, sports news, football, liverpool vs crystal palace
Published: 16 Aug 2022, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented