ന്യൂയോർക്ക്: രക്ഷകനായി സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് അവതരിച്ചപ്പോൾ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ച് നോർവേ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് നോർവേ ഐവറി കോസ്റ്റിനെ നോക്കൗട്ടിൽ കീഴടക്കിയത്. 86-ാം മിനിറ്റിലാണ് ഹാളണ്ട് വിജയഗോൾ നേടിയത്. ബ്രസീലാണ് പ്രീ-ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.

To advertise here,

പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് മികച്ച മുന്നേറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലർത്തിയത്. അവസരങ്ങൾ സൃഷ്ടിച്ച് നോർവേ ഗോൾമുഖത്ത് ഐവറി കോസ്റ്റ് നിരന്തരം അപകടമുയർത്തി. മറുവശത്ത് ഹാളണ്ടും സോർലോത്തും അടങ്ങുന്ന നോർവേ മുന്നേറ്റവും പതിയെ ആക്രമിച്ചുകളിച്ചു. ആദ്യ 30 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ആദ്യപകുതിയുടെ അവസാനം കടുത്ത ആക്രമണപ്രത്യാക്രമണങ്ങളാണ് മൈതാനത്ത് കണ്ടത്.

35-ാം മിനിറ്റിൽ ഇമ്മാനുവൽ അഗ്ബദൗ ഗോളിനടുത്തെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. സേവുമായി നോർവേ ഗോളി ഒർജാൻ ലനൈലാൻഡ് രക്ഷക്കെത്തി. പിന്നാലെ ഹാളണ്ട് ഐവറി കോസ്റ്റ് ബോക്സിൽ അപകടം വിതച്ചു. ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന തകർപ്പൻ സേവുമായി കളം നിറഞ്ഞു. ഒടുക്കം 39-ാം മിനിറ്റിൽ നോർവേ മുന്നിലെത്തി. വിങ്ങർ അന്റോണിയോ നൂസയാണ് സ്‌കോറർ. ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്. ആദ്യപകുതി ഒരുഗോളിന് നോർവേ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഐവറി കോസ്റ്റ് മികച്ച മുന്നേറ്റങ്ങൾ നടത്തി. നോർവേ പ്രതിരോധം പലകുറി പരീക്ഷിക്കപ്പെട്ടു. 55-ാം മിനിറ്റിൽ ഐവറി കോസ്റ്റിന് മികച്ച അവസരവും ലഭിച്ചു. നിക്കൊളാസ് പെപ്പെ പോസ്റ്റിലേക്ക് ഉഗ്രൻ ഷോട്ടുതിർത്തു. ഷോട്ട് നോർവേ ഗോളി തട്ടിയകറ്റി. പകരക്കാരെ ഇറക്കി ഐവറി കോസ്റ്റ് മുന്നേറ്റം ശക്തമാക്കി. അതിന് ഫലവുമുണ്ടായി. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ തകർപ്പൻ ഗോളിലൂടെ സമനിലപിടിച്ചു. വലതുവിങ്ങിൽ ബോക്സിനുള്ളിൽ വെച്ച് നോർവേ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയാണ് ഗോളടിച്ചത്. അതോടെ സ്കോർ 1-1.

എന്നാൽ മത്സരം അവസാനിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് നോർവേ ലീഡെടുത്തു. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടാണ് ഗോളടിച്ചത്. പാട്രിക് ബെർഗിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നീട് ഐവറി കോസ്റ്റിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.