അല്‍ ഐന്‍(യു.എ.ഇ.): ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തിയ കളിയില്‍ അല്‍ ഹിലാലിന് ത്രസിപ്പിക്കുന്ന ജയം. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ യു.എ.ഇ. ക്ലബ്ബ് അല്‍ ഐനിനെയാണ് ചാമ്പ്യരായ സൗദി ക്ലബ്ബ് അല്‍ഹിലാല്‍ കീഴടക്കിയത് (5-4).

To advertise here,

റെനാന്‍ ലോദി 26-ാം മിനിറ്റില്‍ അല്‍ഹിലാലിനെ മുന്നിലെത്തിച്ചു. എന്നാല്‍, സൂഫിയാന്‍ റഹീമി അല്‍ ഐനായി (39) ഗോള്‍ മടക്കി. പിന്നീട് മിലിങ്കോവിച്ച് സെവിച്ചിന്റെയും(45+2) സലേം അല്‍ ദൗസാരിയുടെയും (45+5) ഇഞ്ചുറിസമയ ഗോളുകളില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 3-1 എന്ന നിലയില്‍ സൗദി ക്ലബ്ബ് ലീഡെടുത്തു. രണ്ടാം പകുതിയില്‍ മാറ്റിയൊ സനാബ്രിയയുടെ ഗോളില്‍ (63) അല്‍ ഐന്‍ തിരിച്ചുവരവ് ഊര്‍ജിതമാക്കിയെങ്കിലും തുടരെ രണ്ടുഗോളുകള്‍ നേടി ഹാട്രിക് പൂര്‍ത്തിയാക്കിയ അല്‍ ദൗസരി (65, 75) ടീമിന് ആധിപത്യം നല്‍കി. 

രണ്ട് ഗോള്‍കൂടി സ്‌കോര്‍ചെയ്ത് ആതിഥേയരുടെ റഹീമിയും (67, 90+6) ഹാട്രിക് തികച്ചു. കളി തീരാന്‍ 13 മിനിറ്റ് അവശേഷിക്കെ നെയ്മര്‍ പകരക്കാരനായി കളത്തിലിറങ്ങി. 2023 ഓഗസ്റ്റില്‍ സൗദിയിലെത്തിയ നെയ്മര്‍ ക്ലബ്ബിനായി അഞ്ചു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. 

ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. പ്രതിഭ മങ്ങിയില്ലെന്ന് തെളിയിക്കുന്നതായി 369 ദിവസങ്ങള്‍ക്കുശേഷമുള്ള ആദ്യ മത്സരം. കളിക്കളത്തില്‍ ഇറങ്ങിയ ഉടനെ നെയ്മര്‍ ഉതിര്‍ത്ത ഷോട്ട് നേരിയ വ്യത്യാസത്തിലാണ് ഗോളാവാതെ പോയത്. ഗ്രൂപ്പ് ബി.യില്‍ മൂന്നു കളികളില്‍ മൂന്നാം വിജയമാണ് ചാമ്പ്യരായ അല്‍ ഹിലാല്‍ കുറിച്ചത്.