മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈന്റെ നേതൃത്വത്തിൽ മനാമ അൽഹിലാൽ ആശുപത്രിയിൽ സംഘടിപ്പിച്ച 34-ാമത് സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ 400-ലധികം പേർ പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധികളും ജീവിതച്ചെലവിലെ വർധനവും മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ക്യാമ്പ് വലിയ ആശ്വാസമായി.

To advertise here,

കെ.പി.എഫ് ആക്ടിങ് ജനറൽ സെക്രട്ടറി രമ സന്തോഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ക്ഷേമത്തിനും സംഘടന നൽകുന്ന പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസികൾക്ക് വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അൽ- ഹിലാൽ ആശുപത്രി പ്രതിനിധി കിഷോർ, കെ.പി.എഫ് രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ.ടി. സലീം, ട്രഷറർ സുജിത്ത് സോമൻ, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി എന്നിവർ ആശംസ നേർന്നു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി.

ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽ- ഹിലാൽ ആശുപത്രി മാനേജ്‌മെന്റ്, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, കെ.പി.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരോട് സംഘാടകർ നന്ദി അറിയിച്ചു. പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകുന്ന കെ.പി.എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മറ്റൊരു സുപ്രധാന അധ്യായമായി 34-ാമത് മെഡിക്കൽ ക്യാമ്പ് മാറി.