മാസച്യുസെറ്റ്സ്: ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മൊറോക്കോ. ജയത്തോടെ രണ്ട് കളികളിൽ നിന്ന് നാലു പോയന്റുമായി മൊറോക്കോ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ഇസ്മയെൽ സൈബാറിയാണ് മൊറോക്കോയ്ക്കായി സ്‌കോർ ചെയ്തത്. നേരത്തേ ബ്രസീലിനെതിരേ സമനിലയിലായ ആദ്യ മത്സരത്തിലും സൈബാറി സ്‌കോർ ചെയ്തിരുന്നു. ഗ്രൂപ്പ് സിയിൽ നിലവിൽ മൊറോക്കോ ഒന്നാം സ്ഥാനത്തെത്തി.

To advertise here,

ഈ ലോകകപ്പിലെ അതിവേഗ ഗോളോടെയാണ് മത്സരം ആരംഭിച്ചത്. മത്സരം ആരംഭിച്ച് വെറും 71-ാം സെക്കൻഡിൽ ഇസ്മയെൽ സൈബാറിയിലൂടെ മൊറോക്കോ മുന്നിലെത്തി. മൊറോക്കോയുടെ മത്സരത്തിലെ ആദ്യ മുന്നേറ്റം കൂടിയായിരുന്നു ഇത്. വലതുവിങ്ങിൽ നിന്ന് ബ്രാഹിം ഡിയാസ് നൽകിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ സൈബാറി സ്‌കോട്ട്‌ലൻഡ് ഗോൾകീപ്പർ ആൻഗസ് ഗണ്ണിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.

ഗോൾവീണതോടെ അറ്റ്‌ലാസ് ലയൺസ് സിംഹവീര്യത്തോടെ ഉണർന്നു കളിച്ചു. 10-ാം മിനിറ്റിൽ തന്നെ അവർ അടുത്ത ഗോളിന് തൊട്ടടുത്തെത്തിയിരുന്നു. എന്നാൽ സൈബാറിയുടെ ക്രോസ് വലയിലെത്തിക്കാൻ മൊറോക്കൻ താരങ്ങൾക്കായില്ല. സ്‌കോട്ട്‌ലൻഡ് ഗോൾ വഴങ്ങാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 18-ാം മിനിറ്റിലും മൊറോക്കോ ഗോളിനടുത്തെത്തി. ഇത്തവണ അഷ്‌റഫ് ഹക്കീമിയുടെ ശ്രമം ആൻഗസ് ഗൺ തടഞ്ഞു.

മൊറോക്കോ ആക്രമണം കടുപ്പിച്ചതോടെ സ്‌കോട്ട്‌ലൻഡ് തങ്ങളുടെ ഡിഫൻസീഫ് ഷേപ്പ് വിടാതെ പ്രതിരോധിക്കാനാരംഭിച്ചു. ഇതോടെ മൊറോക്കൻ മുന്നേറ്റങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ അവർക്കായി. പ്രതിരോധം മാത്രമായതോടെ ആദ്യ 45 മിനിറ്റിൽ ഒറ്റ മുന്നേറ്റമോ ഒരൊറ്റ ഷോട്ടോ സ്‌കോട്ട്‌ലൻഡിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ ആദ്യ പകുതിയുടെ അഞ്ചു മിനിറ്റ് ഇൻജുറി ടൈമിൽ മറ്റൊരു സ്‌കോട്ട്‌ലൻഡ് ടീമിനെയാണ് കണ്ടത്. തുടർച്ചയായ ആക്രമണങ്ങളിലൂടെ അവർ മൊറോക്കൻ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ സ്‌കോർ ചെയ്യാനായില്ല.

രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച ഏതാനും മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു. അവസാന മിനിറ്റുകളിൽ സ്‌കോട്ട്‌ലൻഡ് സമനില ഗോളിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.