ഫിൻലൻഡിൽ നടന്ന 2026-ലെ ഹെൽസിങ്കി കപ്പിൽ കിരീടമണിഞ്ഞ് ചണ്ഡിഗഢ്‌ ആസ്ഥാനമായുള്ള മിനർവ അക്കാദമി എഫ്സി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ടീമാണ് മിനർവ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ എച്ച്‌ജെകെയെ പരാജയപ്പെടുത്തിയാണ് (1-0) മിനർവ കിരീടമണിഞ്ഞത്. കഴിഞ്ഞ വർഷം ഫൈനലിൽ എച്ച്‌ജെകെയോട് നേരിട്ട പരാജയത്തിന് പകരംവീട്ടിയാണ് പ്രധാന യൂറോപ്യൻ യൂത്ത് കിരീടം മിനർവ സ്വന്തമാക്കിയിരിക്കുന്നത്.

To advertise here,

ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ മിനർവ, 50-ലധികം ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ എഫ്‌സി വാൽറ്റിയെ 6-1ന് തകർത്തായിരുന്നു തുടക്കം. പിന്നീട് ഹെൽസിങ്കിൻ പല്ലോസുര (9-1), ഇബികെ (11-0) എന്നീ ടീമുകൾക്കെതിരെയും വിജയം സ്വന്തമാക്കി. റൗണ്ട് ഓഫ് 32-ൽ ഹെൽസിങ്കിൻ പൊന്നിസ്റ്റസിനെ 19-0നാണ് ടീം തകർത്തത്. ക്വാർട്ടറിൽ എച്ച്‌ജെകെയെ 6-0നും സെമിയിൽ കപിലാൻ പല്ലോയെ 9-0നും തകർത്താണ് ടീം ഫൈനലിൽ കടന്നത്.

ഇബികെയ്‌ക്കെതിരായ മത്സരത്തിൽ ആറ് ഗോളുകൾ നേടി ടി. കിപ്‌ഗെൻ ശ്രദ്ധ പിടിച്ചുപറ്റി. യോഹെൻബ, റിമൂസൺ എന്നിവരും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു.

യൂറോപ്യൻ ഫുട്‌ബോളിൽ മിനർവ അക്കാദമി ഇതിനോടകം തന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സീസണിൽ സ്‌പെയിനിൽ നടന്ന മെഡിറ്ററേനിയൻ ഇന്റർനാഷണൽ കപ്പിൽ ലിവർപൂൾ എഫ്‌സിയുടെ അണ്ടർ 15 ടീമിനെ 6-0ന് തോൽപ്പിച്ച് അവർ ലോകത്തെ അമ്പരപ്പിച്ചിരുന്നു. കൂടാതെ, നോർവേ കപ്പും ഡാന കപ്പും (ഡെന്മാർക്ക്) നേടുന്ന ആദ്യ ഇന്ത്യൻ ടീമെന്ന ബഹുമതിയും മിനർവയ്ക്കുണ്ട്.