കളിക്കളത്തിൽനിന്ന് വിരമിച്ചപ്പോൾ മൈക്കൽ അർട്ടേറ്റയ്ക്കുമുന്നിൽ മൂന്ന് അവസരങ്ങളാണ് വന്നത്. ആഴ്സനൽ അക്കാദമിയിലേക്ക് വിളിച്ചത് ഗുരുകൂടിയായ ആഴ്സൻ വെങ്ങറായിരുന്നു, ഇതിനൊപ്പം പഴയ സഹതാരംകൂടിയായ മൗറീഷ്യോ പൊച്ചെറ്റിനോ ടോട്ടനത്തിലേക്കും പെപ്പ് ഗാർഡിയോള മാഞ്ചെസ്റ്റർ സിറ്റിയിലേക്കും ക്ഷണിച്ചു. രണ്ടിടത്തും സഹപരിശീലകസ്ഥാനമായിരുന്നു വാഗ്ദാനം. സിറ്റിയാണ് അർട്ടേറ്റ തിരഞ്ഞെടുത്തത്. 2016 ജൂലായിലാണ് അർട്ടേറ്റ സിറ്റിയിൽ പരിശീലകജോലി ആരംഭിക്കുന്നത്. കൃത്യം പത്തുവർഷം കഴിയുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുടെ പരിശീലകനാണ് സ്പാനിഷുകാരൻ. സഹപരിശീലകനിൽനിന്ന് ചാമ്പ്യൻ പരിശീലകനിലേക്കുള്ള വളർച്ച ഇനി ആഴ്സനലിന്റെകൂടി ചരിത്രമാണ്. ഒപ്പം, ടീമിന്റെ മുൻ ക്യാപ്റ്റൻ നേടിക്കൊടുത്ത വിജയത്തിന്റെയും.

To advertise here,

സിറ്റിയിൽ ഗാർഡിയോളയ്‌ക്കൊപ്പം നിന്ന് അടവുകൾ പഠിച്ചുകൊണ്ടിരിക്കേയാണ് മുൻ ക്ലബ്ബായ ആഴ്‌സനലിൽനിന്ന് വാഗ്ദാനം വരുന്നത്. അങ്ങനെ 2019-ലെ മഞ്ഞുപെയ്യുന്ന ഡിസംബറിൽ അർട്ടേറ്റ ഗണ്ണേഴ്സിലേക്ക് എത്തി. പുറത്തെ കാലാവസ്ഥ പോലെയായിരുന്നു ടീമിലെയും അവസ്ഥ. ലീഗിൽ തപ്പിത്തടയുന്ന, ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരുസംഘമാണ് പരിശീലകനെ കാത്തിരുന്നത്. അവിടെനിന്നാണ് തുടർച്ചയായ മൂന്ന് റണ്ണറപ്പുകളിലൂടെ ഒടുവിൽ കിരീടത്തിലേക്ക് അർട്ടേറ്റയും ആഴ്സനലുമെത്തുന്നത്.

ആഴ്സനലിന്റെ ഓഫർ വന്നപ്പോൾ അർട്ടേറ്റ ആശയക്കുഴപ്പത്തിലായിരുന്നു. സിറ്റിയിൽ തുടർന്നാൽ പെപ്പിന്റെ പിൻഗാമിയായി മുഖ്യപരിശീലകനാകുമെന്നുറപ്പ്. എന്നാൽ, ആഴ്സനലിലേക്ക് പോകാൻ അർട്ടേറ്റയെ നിർബന്ധിച്ചത് പെപ്പ് തന്നെയായിരുന്നു. സഹപരിശീലകന്റെ സേവനം വിലപ്പെട്ടതായിട്ടും പെപ്പ് അത്തരമൊരു തീരുമാനമെടുത്തത് അർട്ടേറ്റയിലെ പരിശീലകനെ തിരിച്ചറിഞ്ഞിട്ടായിരുന്നു. ഇപ്പോൾ പെപ്പിന്റെ സിറ്റിയെ കിരീടപ്പോരാട്ടത്തിൽ പിന്തള്ളിയാണ് ആഴ്സനലും അർട്ടേറ്റയും കപ്പുയർത്തുന്നതെന്നത് ഫുട്ബോളിന്റെ മറ്റൊരു മനോഹാരിത.

2019-20 സീസണിൽ പകുതിക്ക് വെച്ച് ടീമിന്റെ ചുമതലയേറ്റെടുത്ത അർട്ടേറ്റയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. അടുത്ത സീസണിലും എട്ടാം സ്ഥാനം. എന്നാൽ, 2021-22 സീസണിൽ ടീം മികവു കാണിക്കാൻ തുടങ്ങി. അഞ്ചാം സ്ഥാനത്തെത്തി. പിന്നീട് തുടർച്ചയായ മൂന്ന് സീസണുകളിൽ റണ്ണറപ്പ്. ഇതിൽ രണ്ടുതവണ സിറ്റിയോടും ഒരു തവണ ലിവർപൂളിനോടുമാണ് കിരീടപ്പോരാട്ടത്തിൽ പിന്നിലായത്. ഇതിൽ രണ്ടുതവണ അവസാനഘട്ടത്തിലാണ് പിന്തള്ളപ്പെട്ടത്. എന്നാൽ, ഇത്തവണ അത്തരം പിഴവുകൾ ആവർത്തിക്കാതെ ടീമിനെ കപ്പിലേക്കെത്തിക്കാനായി.

ടീമിന് ലക്ഷ്യബോധവും വിജയതൃഷ്ണയുമുണ്ടാക്കാനായതും തന്റെ ടാക്റ്റിക്‌സിന് അനുയോജ്യരായ കളിക്കാരെ ലഭിച്ചതും കിരീടനേട്ടത്തിൽ നിർണായകമായി. സഹപരിശീലകനായി മുൻ സഹതാരം ഗബ്രിയേൽ ഹെയ്ൻസെയ കൊണ്ടുവരാനുള്ള തീരുമാനം ഫലംകണ്ടു. പ്രതിരോധം അതിശക്തമാക്കാൻ മുൻ പ്രതിരോധനിരതാരംകൂടിയായ ഹെയ്ൻസെയുടെ വരവ് സഹായിച്ചു. ഇതിനൊപ്പം സെറ്റ് പീസ് പരിശീലകൻ നിക്കോളാസ് ജോവറിന്റെ പങ്കും വലുതാണ്. 24 സെറ്റ്പീസ് ഗോളുകളാണ് സീസണിൽ ടീം നേടിയത്. പ്രീമിയർ ലീഗിൽ ഇത് റെക്കോഡുമാണ്.

4-3-3, 4-2-3-1 ഫോർമേഷനുകളാണ് അർട്ടേറ്റയ്ക്ക് ഇഷ്ടം. ഹൈലൈൻ ഡിഫൻസ് കളിക്കുന്ന സെൻട്രൽ ബാക്കുകളായ വില്യം സാലിബയും ഗബ്രിയേൽ മെഹൽഹെസും പ്രതിരോധം ഭദ്രമാക്കുകമാത്രമല്ല ചെയ്തത് ആക്രമണത്തിന് തുടക്കമിടുകയും ചെയ്തു. റിക്കാർഡോ കാലഫിയോറിയും ജൂറിൻ ടിമ്പറും ആക്രമണത്തിന് സഹായിക്കുന്ന വിങ് ബാക്കുകളായി. ഡെക്ലാൻ റൈസ് ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറുടെ റോൾ ഭംഗിയാക്കിയപ്പോൾ മാർട്ടിൻ സുബിമെൻഡി മികച്ച ഡിസ്ട്രോയറായി. എബറെച്ചി എസ്സയുടെ വരവോട് ആക്രമണനിരയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു, ഒപ്പം ഗോൾമണക്കുന്ന പന്തുകളും. മുന്നേറ്റത്തിൽ വിക്ടർ ഗ്യോക്കേഴ്സ്- ബുക്കയോ സാക്ക- ലിയാൻഡ്രോ ട്രോസ്സാർഡ് തകർത്തുകളിച്ചു. എസ്സെയും ഗ്യോക്കേഴ്സും ഈ സീസണിലാണ് ടീമിലേക്ക് എത്തിയത്.