കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ കൊല്‍ക്കത്ത ഈസ്റ്റ്ബംഗാളില്‍ ഉടമസ്ഥാവകാശം നേടാന്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന്, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം വ്യക്തമായ തീരുമാനം ഉണ്ടാകും. കേവലം നിക്ഷേപകരായല്ല, കൊല്‍ക്കത്ത ക്ലബ്ബിന്റെ ഉടമകളാകാന്‍തന്നെയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വരുന്നതെന്നും ഗാംഗുലി ചൊവ്വാഴ്ച വ്യക്തമാക്കി.

To advertise here,

ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധരയുടെ ഉടമകളുമായും മറ്റു ചില ഗ്രൂപ്പുകളുമായും ഈസ്റ്റ് ബംഗാള്‍ ചര്‍ച്ച നടത്തുന്നുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഈസ്റ്റ് ബംഗാള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി ശ്രീ സിമന്റ് ഉടമകള്‍ ക്ലബ്ബിന്റെ 76 ശതമാനം ഓഹരി വാങ്ങിയിരുന്നു.

രണ്ടുവര്‍ഷം മുമ്പ്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെകൂടി താത്പര്യപ്രകാരമാണിത്. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ ഈ ഇടപാട് പൂര്‍ത്തിയായില്ല. ഇപ്പോള്‍ ശ്രീ സിമന്റിന് ക്ലബ്ബില്‍ പങ്കാളിത്തമില്ല. കഴിഞ്ഞ ഐ.എസ്.എലില്‍ 20 മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു.

ഐ.എസ്.എല്‍. ക്ലബ്ബുകളായ എ.ടി.കെ.യില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മഡ്രിഡും മുംബൈ സിറ്റിയില്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റി ഉടമകളും നേരത്തേ പങ്കാളിത്തം നേടിയിരുന്നു.