ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും വിജയം. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിനെയാണ് ചുവന്ന ചെകുത്താന്മാര്‍ തകര്‍ത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. 

To advertise here,

യുണൈറ്റഡിനായി ആന്റണി മാര്‍ഷ്യല്‍, മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോയല്‍ വാര്‍ഡ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടി. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെയ്ക്കുന്നത്. 

മത്സരം തുടങ്ങി 17-ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ലീഡെടുത്തു. ബോക്‌സിനകത്തുവെച്ച് പ്രതിരോധതാരം ഡീഗോ ഡാലോ നല്‍കിയ പാസ് സ്വീകരിച്ച മാര്‍ഷ്യല്‍ അനായാസം വലചലിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സ്‌കോര്‍ ചെയ്യാന്‍ മാര്‍ഷ്യലിന് സാധിച്ചു. ആദ്യ പകുതിയില്‍ മാര്‍ഷ്യലിന്റെ ഗോളില്‍ യുണൈറ്റഡ് മുന്നിട്ടുനിന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ യുണൈറ്റഡ് അടുത്ത വെടിപൊട്ടിച്ചു. ഇത്തവണ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ടീമിനായി വലകുലുക്കിയത്. മികച്ച ടീം ഗെയിമിലൂടെയാണ് ഗോള്‍ പിറന്നത്. പകരക്കാരനായി വന്ന മിഡ്ഫീല്‍ഡര്‍ ഡോണി വാന്‍ ഡി ബീക്കിന്റെ പാസില്‍ പന്ത് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ റാഷ്‌ഫോര്‍ഡിനുണ്ടായിരുന്നുള്ളൂ. 

59-ാം മിനിറ്റില്‍ സൂപ്പര്‍താരം ജേഡന്‍ സാഞ്ചോ യുണൈറ്റഡിന്റെ ഗോള്‍നേട്ടം പൂര്‍ത്തിയാക്കി. മാര്‍ഷ്യലിന്റെ പാസ് സ്വീകരിച്ച സാഞ്ചോ പന്തുമായി ഒറ്റയ്ക്ക് മുന്നേറി എതിരാളികളെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു. 

74-ാം മിനിറ്റിലാണ് ക്രിസ്റ്റല്‍ പാലസ് ആശ്വാസഗോള്‍ നേടിയത്. മിലിവോയേവിച്ച് എടുത്ത കോര്‍ണര്‍കിക്കിന് കൃത്യമായി തലവെച്ച ജോയല്‍ വാര്‍ഡ് പന്ത് വലയിലെത്തിച്ചു. പിന്നീട് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 

പ്രീ സീസണ്‍ മത്സരങ്ങളില്‍ ആദ്യം യുണൈറ്റഡ് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് മെല്‍ബണ്‍ വിക്ടറിയെയും കീഴടക്കി. അടുത്ത പ്രീ സീസണ്‍ മത്സരത്തില്‍ യുണൈറ്റഡ് ജുലായ് 23 ന് ആസ്റ്റണ്‍ വില്ലയെ നേരിടും.