ലണ്ടന്‍: തിങ്കളാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ ന്യൂനസിന് ചുവപ്പു കാര്‍ഡ് ലഭിക്കാനിടയായ സംഭവത്തിനു പിന്നാലെ തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ്റ്റല്‍ പാലസ് ഡിഫന്‍ഡര്‍ യോക്കിം ആന്‍ഡേഴ്‌സണ്‍.

To advertise here,

ആന്‍ഫീല്‍ഡില്‍ 1-1ന് സമനിലയില്‍ അവസാനിച്ച മത്സരത്തിനിടെയാണ് ന്യൂനസിന് ചുവപ്പു കാര്‍ഡ് ലഭിക്കാനിടയായ സംഭവമുണ്ടായത്. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ യോക്കിം ആന്‍ഡേഴ്‌സണെ തലകൊണ്ട് ഇടിച്ചതിന് റഫറി ന്യൂനസിന് നേരിട്ട് ചുവപ്പുകാര്‍ഡ് നല്‍കുകയായിരുന്നു. മത്സരത്തിലുടനീളം ന്യൂനസിനെ പ്രകോപിപ്പിക്കാന്‍ ആന്‍ഡേഴ്‌സണ്‍ ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് ന്യൂനസ് പ്രതികരിച്ചത്.

ഇതിനു പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ തന്നെ അധിക്ഷേപിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിച്ചതായി ആന്‍ഡേഴ്ണ്‍ പറയുന്നു. ''ഇന്നലെ രാത്രിയില്‍ 400-ഓളം സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചത്. നിങ്ങള്‍ ഒരു ടീമിനെ പിന്തുണയ്ക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, എങ്കിലും എതിരേ നില്‍ക്കുന്നവരോട് ഒരല്‍പം ബഹുമാനമുണ്ടാകണം. ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം അവസാനിപ്പിക്കണം.'' - തനിക്ക് ലഭിച്ച മോശം സന്ദേശങ്ങളുടെയും വധഭീഷണികളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് ആന്‍ഡേഴ്‌സണ്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ചുവപ്പു കാര്‍ഡിനു പിന്നാലെ ന്യൂനസിന് മൂന്ന് മത്സരങ്ങളില്‍ നിന്നുവരെ വിലക്കും ലഭിച്ചേക്കും.