ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ആദ്യമൊന്ന് ഒന്ന് വിറച്ചു. കളിയിൽ മേൽക്കൈ ഉണ്ടായിട്ടും എൺപത്തിമൂന്ന് മിനിറ്റ് വരെ തോൽവിയെ മുഖാമുഖം കണ്ടു. മാഞ്ചെസ്റ്റർ യുണൈറ്റഡിനെ പോലെ തോറ്റു തുടങ്ങുമെന്ന് ഭയന്നു. പിന്നീട് ഡിഫൻഡർമാർ സമ്മാനിച്ച് രണ്ട് ഗോളുകൾക്ക് ബേൺമൗത്തിനെ പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ പുതിയ സീസണിൽ ജയത്തോടെ തന്നെ തുടങ്ങി.

To advertise here,

ഇംഗ്ലീഷ് മിഡ്ഫീൽഡർ മാർക്കസ് ടാവെർനിയറിന്റെ ഗോളിൽ ബേൺമൗത്താണ് ആദ്യം ലീഡ് നേടിയത്. അതും ഇരുപത്തിയാറാം മിനിറ്റിൽ. പിന്നീട് എൺപത്തിനാലാം മിനിറ്റ് വരെ കാത്തുനിൽക്കേണ്ടിവന്നു സിറ്റിക്ക് മടങ്ങിവരാൻ. ഐവറി കോസ്റ്റ് ഡിഫൻഡർ മാർക്ക് ഗ്യൂയിയാണ് അവർക്ക് സമനില നേടിക്കൊടുത്തത്. കോർണറിനുശേഷം റയാൻ ചെർക്കി നൽകിയ ക്രോസ് ബോക്‌സിന്റെ മധ്യത്തിൽനിന്ന് ഗോളിലേയ്ക്ക് ഹെഡ് ചെയ്തിടുകയായിരുന്നു ഗ്യൂയി.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയെങ്കിലും 92-ാം മിനിറ്റിൽ ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌ക്കൊ ഗ്വാർഡിയോൾ വീണ്ടും ലക്ഷ്യം കണ്ട് ജയം സമ്മാനിച്ചു. ചെർക്കി തന്നെയായിരുന്നു ഇക്കുറിയും അസിസ്റ്റ്. ബോകസിന്റെ മധ്യഭാഗത്ത് നിന്ന് ഗ്വാർഡിയോൾ തൊടുത്ത വലങ്കാലൻ ബുള്ളറ്റ് ഇടത് പാർശ്വം ചേർന്ന് വലയിൽ കയറി. വാറിന്റെ സഹായത്തോടെയാണ് ഗോളിൽ തീർപ്പുണ്ടായത്.

പെപ്പ് ഗ്വാർഡിയോള പോയതിനുശേഷം പുതിയ കോച്ച് എൻസോ മരാസ്ക്കയ്ക്ക് കീഴിലുള്ള സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഇത്.

പോയ വർഷത്തെ രണ്ടാം സ്ഥാനക്കാണ് സിറ്റി.

ഒരു ജയത്തിൽ നിന്ന് മൂന്ന് പോയിന്റുള്ള സിറ്റി ഇപ്പോൾ ഏഴാമതാണ്. ആദ്യ മത്സരം വൻ മാർജിനിൽ ജയിച്ച ബ്രൈറ്റനാണ് ഒന്നാമത്. നിലനിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണൽ ജയത്തോടെ തുടങ്ങിയെങ്കിലും പട്ടികയിൽ രണ്ടാമതാണ്.