കോഴിക്കോട്: ലോകകപ്പിന്റെ മൈതാനത്ത് ആദ്യമായി ഒരു മലയാളി പന്തുതട്ടുന്ന ദിനത്തിനായി കാത്തിരിക്കുകയാണ് കേരളീയർ. ശനിയാഴ്ച രാത്രി സ്വിറ്റ്‌സർലൻഡിനെതിരേ ഖത്തർ ടീം ആദ്യമത്സരത്തിന് കളത്തിലിറങ്ങുന്നതിലാണ് എവരുടെയും ശ്രദ്ധ. ഖത്തർ ടീമംഗമായ തഹ്‌സിൻ മുഹമ്മദ് ജംഷീദ് എന്ന തലശ്ശേരിക്കാരനിലൂടെ ആദ്യമായി ഒരു മലയാളി ലോകപ്പിൽ പന്തുതട്ടുമെന്ന പ്രതീക്ഷയിലാണ് ആഗോള മലയാളി.

To advertise here,

ഖത്തർ ടീമിലെ മലയാളിസാന്നിധ്യം അവിടെയും നിൽക്കുന്നില്ല. തഹ്‌സിൻ ഉൾെപ്പടെയുള്ള ടീമംഗങ്ങൾക്കായി ജഴ്‌സി തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതും ഒരു മലയാളിയാണ്. തൃശ്ശൂർ പെരിങ്ങോട്ടുകര തുളുവാഞ്ചേരിയിലെ ഷഫീർ കൊറിയ. ഖത്തർ ടീമിനൊപ്പം ജഴ്‌സിയൊരുക്കാൻ ഷഫീർ യു.എസ്.എ.യിലുണ്ട്. ടീമിന്റെ ‘സ്‌പോർട്‌സ്‌വെയർ ടെക്‌നീഷ്യ’നാണ് ഷഫീർ.

ജഴ്‌സിയുടെ പ്രധാന രൂപകല്പനയെല്ലാം നിർവഹിക്കുന്നത് കായികോപകരണ നിർമാണ രംഗത്തെ പ്രധാന കമ്പനിയാണ്. എന്നാൽ, താരങ്ങളുടെ പേര്, നമ്പർ, ടീം ലോഗോ തുടങ്ങിയവ ജഴ്‌സിയിൽ തയ്യാറാക്കുന്നത് ഷഫീറാണ്. 20 വർഷമായി ഖത്തർ ഫുട്‌ബോൾ ടീമിനൊപ്പമുണ്ട്. നാട്ടിൽ ഡിസൈനിങ് പഠനത്തിനുശേഷം 2006-ലാണ് ഷഫീർ ആദ്യമായി ഖത്തറിലെത്തുന്നത്. അന്ന് ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിനുവേണ്ടി ഫുട്‌ബോൾ ടീമിന്റെ ജഴ്‌സി തയ്യാറാക്കാനാണ് ഷഫീർ താത്കാലികക്കാരനായി ഒരു മാസത്തെ വിസയിലെത്തുന്നത്. പിന്നീടത് സ്ഥിരം പദവിയായി. എതിർ ടീമുകൾക്ക് സമ്മാനമായി നൽകാറുള്ള ജഴ്‌സികൾ തയ്യാറാക്കുന്നതും ഷഫീർ തന്നെ. ഇതിനിടെ ഖത്തറിലെ അൽസദ് സ്പോർട്‌സ് ക്ലബ്, ഖത്തർ സ്‌പോർട്‌സ് ക്ലബ് എന്നിവർക്കുവേണ്ടിയും ജഴ്‌സി രൂപകല്പന ചെയ്തു.

പ്രധാന ടൂർണമെന്റുകൾക്കായി ടീം പോകുമ്പോൾ കൂടെ ഷഫീറും ടീമിനൊപ്പമുണ്ടാകും. 2022 ലോകകപ്പ്, 2019, 2023 ഏഷ്യാകപ്പ്, 2025 ഗൾഫ് കപ്പ് തുടങ്ങിയവയ്‌ക്കെല്ലാം ടീമിന്റെ ജഴ്‌സി തയ്യാറാക്കിയത് ഷഫീർ തന്നെ. ഇതിനിടെ ഇന്ത്യൻ ഫുട്‌ബോൾ ടീമിനുവേണ്ടിയും ഒരുതവണ ജഴ്‌സി തയ്യാറാക്കിയതായി ഷഫീർ പറഞ്ഞു. അന്ന് ഇന്ത്യൻ ടീം സമ്മാനിച്ച ജഴ്‌സി ഷഫീർ വീട്ടിൽ ഫ്രെയിംചെയ്തുവെച്ചിട്ടുണ്ട്.

തഹ്‌സിനുമായി നിരന്തരം സമ്പർക്കമുണ്ടെങ്കിലും പരിശീലനത്തിന്റെ തിരക്കുള്ളതിനാൽ കാര്യമായി സംസാരിക്കാൻ കഴിയാറില്ലെന്ന് ഷഫീർ പറഞ്ഞു. ആദ്യ മത്സരത്തിൽത്തന്നെ തഹ്‌സിൻ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്നും ഷഫീർ കൂട്ടിച്ചേർത്തു.