മസ്‌കറ്റ്: ഉംറ ചെയ്ത് മടങ്ങവേ വിമാനത്തിൽ ഹൃദയസ്തംഭനം അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളിക്ക് ആശ്വാസമായി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ. ട്രാവൽ ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് 20 ലക്ഷത്തോളം രൂപയാണ് ചികിത്സക്കും തുടർയാത്രക്കും വേണ്ടി കണ്ടെത്തേണ്ടി വന്നത്. യാത്രക്ക് ആവശ്യമായ മെഡിക്കൽ സംവിധാനങ്ങളോടെ അദ്ദേഹത്തെ ഇന്നലെ നാട്ടിലേക്ക് അയച്ചു.
നാട്ടിൽനിന്ന് ഉംറക്കായി പുറപ്പെട്ട എറണാകുളം മുവാറ്റുപുഴ സ്വദേശി എഴുപത്തിയെട്ടുകാരനായ മെഹ്‌റൂബ് ബാബുവിനാണ് മടങ്ങവേ വിമാനത്തിൽവെച്ച് ഹൃദയസ്തംഭനം അനുഭവപ്പെട്ടത്. ഉടൻതന്നെ വിമാനത്തിൽ അടിയന്തര സി.പി.ആറും ഒക്‌സിജൻ സപ്പോർട്ടും നൽകി. തുടർന്ന് മസ്‌കറ്റ് വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കി. മസ്‌കറ്റിൽ എത്തിയപ്പോഴേക്കും വിമാനത്തിൽ ഉണ്ടായിരുന്ന അവസാന ഒക്‌സിജൻ സിലിൻഡറും അവസാനിച്ചിരുന്നു.
ഉടൻ തന്നെ മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി ആവശ്യമായ തുടർചികിത്സ നൽകി. ഇദ്ദേഹത്തിന്റെ യാത്രാ പാക്കേജിൽ മെഡിക്കൽ ഇൻഷുറൻസ് കവറേജ് ഉൾപ്പെടുത്താതിരുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. 8000 ഒമാനി റിയാൽ ആണ് ചികിത്സക്കും തുടർയാത്രക്കും വേണ്ടി കണ്ടെത്തേണ്ടി വന്നത്. ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപയോളം വരും. പ്രവാസി വെൽഫെയർ പ്രവർത്തകരാണ് ആദ്യം മുതൽ രോഗിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തത്.
രോഗിക്ക് ഓരോ ഘട്ടങ്ങളിൽ ആവശ്യമായ രക്തം പ്രവർത്തകർ നേരിട്ട് നൽകി. മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടുപോയ രോഗിക്കുവേണ്ടി ഇത്രയും വലിയ തുക ഉടൻ കണ്ടെത്താൻ, പ്രവാസി വെൽഫെയർ നടത്തിയ അടിയന്തര ഇടപെടൽ ബന്ധുക്കൾക്ക് വലിയ ആശ്വാസമായി. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മസ്‌കറ്റ് കെ.എം.സി.സി. പ്രവർത്തകരും സഹായുവുമായെത്തി.
ഇത്തരം സംഭവങ്ങൾ ഓരോ യാത്രക്കാരനും വലിയൊരു മുന്നറിയിപ്പാണെന്നും വിമാനയാത്ര നടത്തുന്നവർ ഇൻഷുറൻസ് കവറേജ് ഉറപ്പു വരുത്തണമെന്നും ഏജൻസികൾ ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തരുതെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ നേതാക്കളായ പി.കെ. നൗഷാദ്, കെ.വി. ഉമ്മർ, ഷൗക്കത് അൽബാജ്, സഫീർ നരിക്കുനി, ഷജീർ ജബ്ബാർ, രോഗിയുടെ ബന്ധുവും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ അമാനുള്ള എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Content Highlights: Malayali pilgrim suffered a cardiac arrest during his return flight from Umrah
Published: 09 Oct 2026, 12:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented