
കണ്ണൂർ: ആറാം വയസ്സിൽ അച്ഛന്റെ കൈവിട്ടുപോയ ഝാർഖണ്ഡുകാരൻ ബാലൻ വഴിതെറ്റിയെത്തിയത് കേരളത്തിൽ. വിവിധ ചൈൽഡ് കെയർ ഹോമുകളിലെ ജീവിതത്തിനുശേഷം 18-ാം വയസ്സിൽ കുടുംബവേരുകൾ തിരിച്ചറിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയർ താരം കൂടിയായിരുന്ന ബി. രാജ, അമ്മയുടെ അടുത്തേക്കുള്ള മടക്കം കാത്തിരിക്കുന്നത്.
ബംഗാളിലെ ഹൗറയിൽ ഇഷ്ടികച്ചൂളയിൽ തൊഴിലാളികളായിരുന്നു രാജയുടെ അച്ഛൻ ബോദ്‌റാമും അമ്മ മണിയും. അവർക്കൊപ്പം പണിയിടത്തിന് സമീപം താമസിക്കുന്നതിനിടെ ഒരുപകൽ രാജ പുറത്തേക്ക് നടന്നു. 2012-ലായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ മുന്നിൽ കണ്ട വണ്ടിയിൽ കയറി. നാടിന്റെ പേരും അച്ഛനമ്മമാരുടെ പേരും അല്ലാതെ മറ്റൊന്നും അവന് അറിയില്ലായിരുന്നു. വണ്ടികൾ മാറിക്കയറിയെത്തിയത് എറണാകുളത്ത്. അലഞ്ഞുതിരിയുന്ന ബാലനെ കണ്ട് പോലീസ് കൊച്ചിയിലെ ചൈൽഡ് കെയർ ഹോമിലാക്കി. മൂന്നുവർഷം കഴിഞ്ഞ് തൃശ്ശൂരിലേക്ക്. അവിടെയുള്ള ചൈൽഡ് കെയർ ഹോമിൽനിന്ന് ഈ മാസം മൂന്നിന് തലശ്ശേരിയിലെ ആഫ്റ്റർ കെയർ ഹോമിലേക്കെത്തി. തൊട്ടടുത്തുള്ള ഗവ. ചൈൽഡ് കെയർ ഹോമിലെ സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്‌റഫിന്റെ ഇടപെടലാണ് രാജയുടെ ജീവിതം മാറ്റിമറിച്ചത്.
തൃശ്ശൂരിൽ കഴിയുന്നതിനിടെ നടത്തിയ കൗൺസലിങ്ങിൽ തന്റെ ഗ്രാമത്തെയും വീടിനെയും കുറിച്ചുള്ള അവ്യക്തമായ ഓർമ്മകൾ രാജ പങ്കുവെച്ചിരുന്നു. ഈ വിവരം സൂപ്രണ്ട് മുഹമ്മദ് അഷ്‌റഫ് താൻ അഡ്മിനായ ‘മിസ്സിങ് പേഴ്‌സൺ കേരള’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. അതിലൂടെ രാജ്യത്തെ ഒട്ടേറെ ഗ്രൂപ്പുകളിലേക്ക് രാജയുടെ ജീവിതകഥയെത്തി.
മറ്റൊരു ഗ്രൂപ്പ് അഡ്മിനായ ഡൽഹി സ്വദേശി അഫ്‌സാർ അഹമ്മദ് ഖാൻ വഴി വിവരം കിട്ടിയ ഝാർഖണ്ഡ് സ്വദേശി ഫർദീൻഖാൻ നാട്ടിൽ അന്വേഷിക്കാൻ തുടങ്ങി. ഈ വിവരങ്ങളുൾപ്പെടുത്തി ഝാർഖണ്ഡിലെ യുറ്റ്യൂബറായ ആയുഷ്, രാജയെക്കുറിച്ച് വീഡിയോ ചെയ്തു. ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം പേർ വീഡിയോ കണ്ടു. 70,000 പേർ പങ്കുവെച്ചു. ത്സാർഖണ്ഡിലെ വിവിധ ഭാഗങ്ങളിൽ പ്രചരിപ്പിച്ച വീഡിയോ പശ്ചിമ സിങ് ഭും ജില്ലയിലെ ഹരിമാര ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ മുന്നിലെത്തിയതാണ് വഴിത്തിരിവായത്. രാജയുടെ ബന്ധു ആയുഷിനെ വിളിക്കുകയും ഫർദീൻഖാനും അഫ്‌സാറും വഴി സൂപ്രണ്ട് മുഹമ്മദ് അഷ്‌റഫിനെ ബന്ധപ്പെടുകയും ചെയ്തു.
18-ന് ബന്ധുവിന്റെ ഫോണിലൂടെ വീഡിയോകോൾ ചെയ്ത് രാജ, അമ്മയോട് സംസാരിച്ചു. മണി മകനെ തിരിച്ചറിഞ്ഞു. മകനെ തിരഞ്ഞുമടുത്ത രാജയുടെ അച്ഛൻ നാല് വർഷം മുൻപ് മരിച്ചു. ജ്യേഷ്ഠനും ഇപ്പോഴില്ല. നാല് സഹോദരിമാരാണുള്ളത്. തൃശ്ശൂരിലെ ചിൽഡ്രൺസ് ഹോമിൽ ഫുട്‌ബോൾ പരിശീലനത്തിനിടെ കളിയിലെ മികവ് കണ്ട് പരിശീലകനാണ് ബ്ലാസ്റ്റേഴ്‌സിനെ അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ-17 ടീമിനായി രണ്ട് വർഷം പന്ത് തട്ടിയിരുന്നു.
രാജ നന്നായി മലയാളം പഠിച്ചു. ഇപ്പോൾ ഓപ്പൺ വിഭാഗത്തിൽ പ്ലസ് ടുവിന് പഠിക്കുകയാണ്. ഝാർഖണ്ഡിൽ നിന്നുള്ള പോലീസ് സംഘം മൂന്നുദിവസത്തിനകം തലശ്ശേരിയിലെത്തും. അവരുടെ വരവിനായി രാജ കാത്തിരിക്കുകയാണ്; അമ്മയുടെയും സഹോദരിമാരുടെയും അടുത്തേക്കണയാൻ.
Content Highlights: a 6-year-old lost boy from Jharkhand who found his way back to his roots in Kerala after 12 years
Published: 25 Feb 2026, 04:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented