വാഷിങ്ടൺ: ലോകകപ്പിൽ ജർമനിയോടേറ്റ 7-1 തോൽവി കുറാസോയ്ക്ക് വലിയ നിരാശ നൽകിയെങ്കിലും തലയുയർത്തിപ്പിടിച്ചുതന്നെയാണ് അവർ കളംവിട്ടത്. കാരണം ഫുട്‌ബോളിലെ ഒരു വൻശക്തിക്കെതിരേ ലോകകപ്പ് സ്‌കോർഷീറ്റിൽ തങ്ങളുടെ പേര് കൂട്ടിച്ചേർക്കാൻ കുറാസോയ്ക്കായി എന്നത് ചെറിയ കാര്യമല്ല. വെറും ഒന്നരലക്ഷംമാത്രം ജനസംഖ്യയുള്ള രാജ്യമാണ് കുറാസോ എന്നുകൂടി ചേർത്തുവായിക്കണം.

To advertise here,

മത്സരത്തിൽ ഫെലിക്‌സ് മേച്ചിയിലൂടെ ജർമനി ലീഡ് ചെയ്തുനിൽക്കേ, 21-ാം മിനിറ്റിലാണ് കുറാസോയുടെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ആ അദ്ഭുതം സംഭവിച്ചത്. റൈറ്റ് ബാക്ക് താരം ലിബാനോ കൊമെനെൻസിയ ഉതിർത്ത ഷോട്ട് ജർമൻ ഡിഫൻഡറുടെ ദേഹത്തുതട്ടി ദിശമാറി ഗോൾക്കീപ്പർ മാനുവൽ നോയറേയും മറികടന്ന് വലയിൽ കയറി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ കുറാസോ നേടുന്ന ആദ്യത്തെ ഗോൾ! സ്‌കോർ 1-1. ഒരു കൊച്ചു ദ്വീപ് രാഷ്ട്രത്തെ ഒന്നടങ്കം സ്വപ്നം കാണാൻ പ്രേരിപ്പിച്ച നിമിഷം.

പ്രശസ്ത റെസ്ലിങ് താരം ജോൺ സീനയുടെ 'യു കാന്റ് സീ മീ' എന്ന ആംഗ്യം കാണിച്ചാണ് കൊമെനെൻസിയ ഗോൾനേട്ടം ആഘോഷിച്ചത്. ജർമനിയുടെ ആദ്യ ഗോളിനുശേഷം ഒരു ജർമൻ ആരാധകൻ കാണിച്ച അതേ ആംഗ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.

പക്ഷേ, ആ ആഘോഷനിമിഷങ്ങൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. കളി മാറ്റിപ്പിടിച്ച ജർമനി ഒന്നാംപകുതി അവസാനിക്കുംമുന്നേതന്നെ രണ്ടെണ്ണംകൂടി കുറാസോ വലയിൽ നിറച്ചു. രണ്ടാംപകുതിയിൽ ഒട്ടും മാർദവം കാണിക്കാതെ വീണ്ടും നേടിയത് നാല് ഗോളുകൾ. ഇതോടെ 7-1 എന്ന നിലയിൽ കുറാസോ തകർന്നു. പക്ഷേ, ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രത്തിൽ എക്കാലത്തും കൊത്തിവയ്ക്കപ്പെട്ട, ഇനിയുമെത്രയോ തലമുറ പഠിച്ചുവയ്ക്കുന്ന പേരായി ലിവാനോ കൊമെനെൻസിയ എന്ന 22-കാരൻ മാറി.

2004 ഫെബ്രുവരി 3-ന് നെതർലൻഡ്‌സിലെ ബ്രെഡയിൽ ജനിച്ചുവളർന്ന കൊമെനൻസിയയ്ക്ക് മാതാപിതാക്കൾവഴിയാണ് കുറാസോയുമായുള്ള ബന്ധം ലഭിക്കുന്നത്. നെതർലൻഡ്‌സിന്റെ കോളനിയായിരുന്ന കുറാസോ നിലവിൽ ഡച്ച് രാജ്യത്തിന് കീഴിലുള്ള സ്വയംഭരണപ്രദേശമാണ്. ഡച്ച് അണ്ടർ ടീമുകളിൽ കളിച്ചുവളർന്ന കൊമെനൻസിയ, 2024-ലാണ് കുറാസോ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പ്രശസ്ത ക്ലബ്ബായ പി.എസ്.വി. ഐന്തോവന്റെ യൂത്ത് ടീമിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ റിസർവ് ടീമിനായും കളിച്ചിട്ടുണ്ട്. നിലവിൽ സ്വിറ്റ്‌സർലൻഡിലെ പ്രമുഖ ക്ലബ്ബായ എഫ്.സി സൂറിച്ചിന്റെ പ്രതിരോധ നിരയിലാണ് ഈ യുവതാരം ബൂട്ടുകെട്ടുന്നത്. ദേശീയടീമിൽ വരുമ്പോൾ പ്രതിരോധനിരയ്ക്ക് പുറമെ മിഡ്ഫീൽഡറായും അദ്ദേഹം തിളങ്ങാറുണ്ട്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പരിശീലകനായ 78-കാരൻ ഡിക്ക് അഡ്വക്കാറ്റിന്റെ കീഴിലാണ് കുറാസോ ടൂർണമെന്റിനെത്തിയത്. കൊമെനെൻസിയ ഉൾപ്പെടെ ടീമിലെ ഒട്ടുമിക്ക കളിക്കാരും നെതർലൻഡ്സിൽ ജനിച്ച് അവിടെ പ്രൊഫഷണൽ ഫുട്‌ബോൾ പരിശീലനം നേടിയവരാണ്. മുൻപ് ബേസ്‌ബോളിന് മാത്രം പ്രാധാന്യമുണ്ടായിരുന്ന തങ്ങളുടെ നാട്ടിൽ ഈ ലോകകപ്പ് യോഗ്യതയോടെ ഫുട്‌ബോൾ തരംഗമായി മാറിയെന്ന് കൊമെനൻസിയ സാക്ഷ്യപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ പിച്ചുകളിൽ ചോരയും നീരുമൊഴുക്കി കഷ്ടപ്പെട്ടാണ് തങ്ങൾ ഇവിടെവരെ എത്തിയതെന്നും, അതുകൊണ്ടുതന്നെ ഈ ലോകകപ്പ് കളിക്കാൻ തങ്ങൾ പൂർണ യോഗ്യരാണെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

കുറാസോ ലോകകപ്പിലേക്ക് യോഗ്യത നേടിയ കഥ ഏറെ വികാരനിർഭരമാണ്. കഴിഞ്ഞ നവംബറിൽ ജമൈക്കയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിൽ വിജയിച്ചാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. അന്ന് ആ മത്സരത്തിലെ ആദ്യ ഗോൾ നേടിയത് കൊമെനൻസിയ ആയിരുന്നു. ചരിത്രപരമായ ആ യോഗ്യതയ്ക്കുശേഷം മത്സരത്തിൽ അദ്ദേഹം ധരിച്ച ജേഴ്‌സി സ്വിറ്റ്‌സർലൻഡിലെ ഫിഫ മ്യൂസിയത്തിൽ സൂക്ഷിക്കാനായി താരം നേരിട്ട് കൈമാറിയിരുന്നു. ഫുട്ബോൾ ചരിത്രത്തിലെത്തന്നെ അപൂർവമായ ഈ നേട്ടത്തിന്റെ ഓർമ പുതുക്കാനായാണ് ഫിഫ ഈ ജേഴ്‌സി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.