
സ്പെയിനിന്റെ അടിയുറച്ച ആരാധകൻ, ലമിൻ യമാലിന്റേയും. സ്വന്തം ടീമിന്റെ വിജയാഹ്ലാദം പങ്കിടാൻ ലോകത്തിന്റെ വിദൂരമായ കോണിൽ നിന്ന് വിളിച്ച ഡൊമിനിക്കിന്റെ ശബ്ദം എന്നിട്ടും ഇടറുന്നുണ്ടായിരുന്നു. ന്യൂജേഴ്സി സ്റ്റേഡിയത്തിലെ ആരവങ്ങൾക്ക് നടുവിൽ ഏകനായി, ഉള്ളിലൊരു നിശ്ശബ്ദഗദ്ഗദം ഒളിപ്പിച്ച് വിദൂരതയിലെങ്ങോ കണ്ണു നട്ട് നിന്ന മെസ്സിയുടെ രൂപം അത്രകണ്ട് സ്പർശിച്ചിരുന്നു അവന്റെ മനസ്സിനെ. 'മെസ്സി അനുഭവിക്കുന്ന ഏകാന്തത എനിക്ക് ഉൾക്കൊള്ളാനാകും.' -- ഡൊമിനിക് പറഞ്ഞു. 'ചുറ്റുമുള്ള ആരവങ്ങളൊന്നും കേൾക്കുന്നുണ്ടാവില്ല അയാൾ; ഇളകിമറിയുന്ന ഗാലറികൾ കാണുന്നുമുണ്ടാവില്ല. ആ മുഖം കണ്ടപ്പോൾ ഉള്ളിലൊരു നൊമ്പരം. ഇനിയൊരു ലോകകപ്പിൽ കാണുമോ മെസ്സിയെ?'
അത്ഭുതം തോന്നിയില്ല. അതേ കാഴ്ച്ച എന്റെ മനസ്സിനേയും ഉലച്ചിരുന്നല്ലോ. ഉള്ളിലെങ്ങോ ഒരു പഴയ കുട്ടി പുനർജ്ജനിച്ച പോലെ. തലയണയിൽ മുഖമമർത്തി കരയുന്ന കുട്ടി. അര നൂറ്റാണ്ട് പഴക്കമുണ്ട് ആ ഓർമ്മക്ക്. 'നോക്കൂ കുട്ട്യേട്ടാ, ഓൻ ഒറക്കത്തിൽ കരയാൻ തൊടങ്ങീട്ട് നേരം കൊറേ ആയി. ആരുടെയോ പേര് പറയണുണ്ട്. ഇനിക്ക് മനസ്സിലാവണില്ല്യ..''- അമ്മ പറഞ്ഞു. പാതിരാത്രിക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിന്റെ കെറുവിലെന്നോണം തിരിഞ്ഞുകിടന്ന് അച്ഛൻ മുറുമുറുക്കുന്നു: 'സാരല്യ. കരഞ്ഞോട്ടെ. ഇന്നലെ ഓന്റെ ടീം തോറ്റൂത്രെ. നേരം വെളുക്കുമ്പോഴേക്ക് സങ്കടം മാറിക്കോളും.''
അച്ഛന് തെറ്റി. 52 വർഷങ്ങൾക്കിപ്പുറവും ആ കരച്ചിൽ അടങ്ങിയിട്ടില്ല അന്നത്തെ സ്‌കൂൾ കുട്ടിയുടെ ഇടനെഞ്ചിൽ. 1974 ലെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് ഫൈനലിന്റെ ഓർമ്മകൾക്കൊപ്പം അവന്റെ മനസ്സിന്റെ തിരശ്ശീലയിൽ ഇന്നും ഒരു ദുരന്ത നായകന്റെ മുഖം തെളിയും -സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള യോഹാൻ ക്രൈഫിന്റെ. ബെക്കൻ ബോവറുടെ ജർമ്മനി അന്ന് തകർത്തു തരിപ്പണമാക്കിക്കളഞ്ഞത് ക്രൈഫിന്റെയും ഹോളണ്ടിന്റെയും മാത്രമല്ല അവനെപ്പോലത്തെ കോടിക്കണക്കിന് കൊച്ചുകൊച്ചു ആരാധകരുടെ ഹൃദയങ്ങൾ കൂടിയാണല്ലോ. ക്രൈഫിനെ അകമഴിഞ്ഞു സ്‌നേഹിച്ച, ക്രൈഫിനെ അജയ്യനായി കണ്ട, ക്രൈഫിന് വേണ്ടി പന്തയം വെച്ച ഒരു തലമുറയുടെ ഹൃദയങ്ങൾ.
ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല അന്നുവരെ. വായിച്ചറിവേ ഉള്ളൂ; മാതൃഭൂമിയിൽ വിംസി എഴുതിയ മനോഹരമായ റിപ്പോർട്ടുകളിലൂടെ. കളിയെഴുത്തുകാരുടെ കുലപതിയായ വിംസിയുടെ പഞ്ചും മൊഞ്ചുമുള്ള ഭാഷാശൈലിയുടെ ചിറകിലേറിയാണ് ബെക്കൻ ബോവറും യോഹാൻ ക്രൈഫും ബ്രൈറ്റ്‌നറും നീസ്‌കൻസുമെല്ലാം ആദ്യമായി മനസ്സിൽ കയറിവന്നത്. 'ചിമുക്കു''ള്ള, തൊട്ടാൽ പൊള്ളുന്ന ആ ഭാഷാശൈലിയുടെ ആകർഷണവലയത്തിൽ ചെന്നു പെട്ട സ്‌കൂൾ വിദ്യാർഥിക്ക് അന്നത്തെ ഫൈനലിന്റെ വീഡിയോ റെക്കോർഡിംഗ് ടെലിവിഷനിൽ കാണാൻ പിന്നെയും ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു-വർഷങ്ങളോളം.
ആ ആദ്യകാഴ്ച്ചയിലും കണ്ണുകൾ കൗതുകത്തോടെ പരതിയതും പിന്തുടർന്നതും ക്രൈഫിനെയാണ്. ഹോളണ്ടിന്റെ നിർഭാഗ്യവാനായ നായകൻ. ടോട്ടൽ ഫുട്ബാളിന്റെ ആചാര്യൻ. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളടിക്കാരിലൊരാൾ. ചോര പൊടിയുന്ന വാക്കുകളാൽ വർഷങ്ങൾക്കു മുൻപ് വിംസി മനസ്സിന്റെ സ്‌ക്രീനിൽ വരച്ചിട്ട മിഴിവാർന്ന ചിത്രം ഇതാ ജീവനോടെ കണ്മുന്നിൽ.
ലോംഗ് വിസിലിന് പിന്നാലെ കൈകളിൽ മുഖമമർത്തി നടന്നുനീങ്ങുന്ന ക്രൈഫിന്റെ ചിത്രം നൊമ്പരമുണർത്തുന്ന ഓർമ്മയാണിന്നും. ക്രൈഫിനെ രാജകുമാരനെപ്പോലെ ആരാധിക്കുകയും ഫൈനലിൽ ക്രൈഫിന്റെ ഗോളിന് ഹോളണ്ട് ജയിച്ചു കയറുമെന്ന് തലേന്ന് കൂട്ടുകാരോട് നിസ്സംശയം ബെറ്റ് വെക്കുകയും ചെയ്ത സ്‌കൂൾ കുട്ടിക്ക് എങ്ങനെ താങ്ങാനാകും ആ തോൽവി? പന്തയം തോറ്റതിലായിരുന്നില്ല അവന് നിരാശ. മനസ്സിലെ സ്വർണ്ണവിഗ്രഹത്തിന് മങ്ങലേറ്റതിലായിരുന്നു.
പിന്നീടൊരിക്കൽ കൂടി എന്നെ കരയിച്ചിട്ടുണ്ട് യോഹാൻ ക്രൈഫ്; 2016 മാർച്ച് 24 ന്. ബാഴ്സലോണയിലെ ഒരു ക്ലിനിക്കിൽ അർബുദബാധിതനായി ഡച്ച് ഇതിഹാസം മരണത്തിന് കീഴടങ്ങിയ വാർത്ത ടെലിവിഷൻ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ തികട്ടിവന്നു. നിശ്ശബ്ദമായ ഒരു ഗദ്ഗദം. പോയി മറഞ്ഞ ഒരു കാലം, അതിന്റെ എല്ലാ ആവേശഭംഗികളോടെയും മനസ്സിൽ പുനർജ്ജനിച്ചു അപ്പോൾ. ഒരിക്കലും തിരിച്ചുവരാത്ത ഒരു കാലം.
ക്രൈഫ് ഇല്ലാത്ത ഒരു ലോകത്താണല്ലോ ഇനിയങ്ങോട്ട് എന്റെ ജീവിതം എന്നോർത്തായിരുന്നു വേവലാതി. കേൾക്കുന്നവർ ചിരിച്ചേക്കാം. ഇതെന്തൊരു കിറുക്ക് എന്നോർത്ത്. പക്ഷേ ഇത്തരം കിറുക്കുകളാണല്ലോ എന്നിലെ സ്‌കൂൾ കുട്ടിയെ കളിയെഴുത്തിന്റെ മായാലോകത്തേക്ക് നയിച്ചത്; ജീവിക്കാൻ, ജീവിതത്തെ മതിമറന്നു സ്‌നേഹിക്കാൻ പ്രേരിപ്പിച്ചതും. പെലെയും മാറഡോണയും റൊണാൾഡോയും റൊണാൾഡീഞ്ഞോയുമൊക്കെ പൊറുക്കുക. നിങ്ങളൊക്കെ കളിക്കളത്തിലെ മഹാരഥന്മാർ. പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷന്മാർ. ലോകം കണ്ട എക്കാലത്തെയും വലിയ ഗോളടിവീരന്മാർ. എന്നിലെ കളിക്കമ്പക്കാരന്റെ സിരകളിൽ ഊർജ്ജം നിറച്ചവർ. എന്നിലെ കളിയെഴുത്തുകാരന്റെ അക്ഷരങ്ങളിൽ അഗ്‌നിയായി പടർന്നവർ....
പക്ഷെ ക്രൈഫ് തൊട്ടത് എന്റെ ഹൃദയത്തെയാണ്; നീണ്ടു മെലിഞ്ഞ വിരലുകൾ കൊണ്ട്; ചുമലിലേക്ക് അലസമായി ഇറങ്ങിക്കിടന്ന സ്വർണ്ണത്തലമുടി കൊണ്ട്; ചിരിയൊളിപ്പിച്ച നീലക്കണ്ണുകൾ കൊണ്ട്. പെനാൽറ്റി ബോക്‌സിലെ നൃത്തച്ചുവടുകൾ കൊണ്ട്....ഓരോ ലോകകപ്പും കടന്നുവരുമ്പോൾ മനസ്സുകൊണ്ട് ക്രൈഫിന് നന്ദി പറയും ഞാൻ. തോൽവിയാണ് ജയം എന്ന് എട്ടും പൊട്ടും തിരിയാത്ത ഒരു സ്‌കൂൾ കുട്ടിയെ ആദ്യമായി പറഞ്ഞു മനസ്സിലാക്കിയതിന്. ഇന്ന് പുലർച്ചെ മെസ്സിയും പറയാതെ പറഞ്ഞത് അതുതന്നെയല്ലേ ?
Content Highlights: Emotional parallels between Lionel Messi's solitude and Johan Cruyff's 1974 World Cup defeat., The profound impact of football legends on childhood memories and life perspectives., The enduring nature of fandom, spanning over five decades., Understanding the philosophy of 'Total Football' through the lens of personal loss.
Published: 20 Jul 2026, 10:38 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented