കാൻസസ് (യു.എസ്.എ.): പഴയതുപോലെ പ്രതീക്ഷകളുടെ അമിതഭാരമോ സമ്മർദങ്ങളോ ഇപ്പോൾ മെസ്സിക്കില്ല. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെന്ന് 2022 ഖത്തർ ലോകകപ്പിലൂടെത്തന്നെ അയാൾ തെളിയിച്ചുകഴിഞ്ഞതാണ്. തനിക്കുകീഴിൽ അർജന്റീനയ്ക്ക് ഒരു ലോകകപ്പുണ്ടോ എന്ന ചോദ്യത്തിന് മൂന്നരക്കൊല്ലംമുൻപ് അയാൾ മറുപടി നൽകിയിട്ടുണ്ട്. ഇപ്പോഴനുഭവിക്കുന്ന ഈ പൂർണ സ്വാതന്ത്ര്യമാണ് 2026 ലോകകപ്പിലെ മെസ്സിയുടെ കരുത്ത്. 

To advertise here,

പ്രതിഭ പുറത്തെടുക്കാൻ അയാൾക്കിപ്പോൾ സമ്മർദങ്ങൾ ഒരു വെല്ലുവിളിയല്ല. അതുകൊണ്ടുതന്നെ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടെത്തുന്ന അയാളേയും അർജന്റീന ടീമിനേയും ഒരുപക്ഷേ, കഴിഞ്ഞ ലോകകപ്പിനെക്കാളേറെ എതിരാളികൾ ഇത്തവണ പേടിക്കണം. രണ്ടാംതവണയും കിരീടം ചൂടുക എന്ന ലക്ഷ്യത്തിന് ആവോളം ഇന്ധനം പകരുന്നതാണ് ഇന്നത്തെ മെസ്സിയുടെ പ്രകടനം. പ്രായമേറുന്നു എന്ന വാദങ്ങളെല്ലാം നിസ്സാരമാണെന്ന് ഹാട്രിക്ക് കൊണ്ട് തെളിയിച്ചാണ് ഈ ലോകകപ്പിലെ കടന്നുവരവ്. കഴിഞ്ഞതവണ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു തുടക്കം എന്നോർക്കണം.

39-ാം വയസ്സിലും ലോകകപ്പിൽ ഒരു തകർപ്പൻ ഹാട്രിക് നേടുകയെന്ന അവിശ്വസനീയമായ നേട്ടമാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത്. അൾജീരിയക്കെതിരായ മത്സരത്തിൽ പിറന്ന മൂന്നുഗോളുകളും അദ്ദേഹത്തിന്റെ പ്രതിഭയുടെ വ്യത്യസ്ത മുഖങ്ങളാണ് വ്യക്തമാക്കുന്നത്. ബോക്‌സിന് പുറത്തുനിന്നുള്ള ശക്തമായ ലോങ് റേഞ്ചർ ഷോട്ടും റീബൗണ്ടിൽനിന്നുള്ള കൃത്യമായ ടാപ്പ്-ഇന്നും ഒടുവിൽ ബാഴ്‌സലോണയിലെ പഴയ സുവർണകാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ വൺ-ടു പാസുകളിലൂടെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി ബോക്‌സിന് പുറത്തുനിന്നുതിർത്ത മനോഹരമായ ഷോട്ടും ഇതിലുൾപ്പെടുന്നു. പ്രായക്കൂടുതലോ കളിയോടുള്ള മടുപ്പോ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഈ പ്രകടനത്തിലൂടെ മെസ്സി ഒരിക്കൽക്കൂടി തെളിയിച്ചു.

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകനായ ലൂക്കാ സിദാൻ കാവൽനിന്ന അൾജീരിയൻ ഗോൾപോസ്റ്റിലേക്ക് മെസ്സിയുടെ വിഖ്യാതമായ ഇടതുകാൽ തൊടുത്തുവിട്ട ഷോട്ട് മനോഹരമായ കാഴ്ചയായിരുന്നു. അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഷൂട്ട് ഗോൾകീപ്പർ തടുത്തപ്പോൾ കിട്ടിയ റീബൗണ്ട് ഗോളാക്കിയതാണ് രണ്ടാം ഗോൾ. മത്സരത്തിന്റെ 76-ാം മിനിറ്റിൽ നേടിയ മൂന്നാം ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമൻ മുൻ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്തി. തൊട്ടുപിന്നാലെ 79-ാം മിനിറ്റിൽ കോച്ച് അദ്ദേഹത്തെ പിൻവലിച്ചപ്പോൾ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.

മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 200-ാം മത്സരമായിരുന്നു ഇന്ന്. ക്രിസ്റ്റ്യാനോ റൊണാൾഡോ (229 മത്സരങ്ങൾ), കുവൈത്ത് താരം ബദർ അൽ മുതവ (202) കഴിഞ്ഞാൽ ഈ നേട്ടത്തിലെത്തുന്ന ഏക താരം.