പലപ്പോഴും ഗോളുകൾ മാത്രമല്ല ഒരു ഫുട്‌ബോൾ മത്സരത്തിന്റെ ഫലം നിർണയിക്കുക. കളിക്കിടയിലെ ചില നിമിഷങ്ങൾ ഗോളിനോളം തന്നെ വിലപ്പെട്ടതാണ്. ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരത്തിനിടേയും അത്തരമൊരു നിമിഷമുണ്ടായി. അർജന്റീനയുടെ ലിയാൻഡ്രോ പരെഡെസായിരുന്നു ആ നിമിഷത്തിന്റെ ഹീറോ.

To advertise here,

മത്സരത്തിന്റെ 90-ാം മിനിറ്റിൽ അർജന്റീന രണ്ട് ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിൽ നിൽക്കെയാണ് ഈജിപ്തിന്റെ ഭാഗത്ത് നിന്ന് ഒരു കൗണ്ടർ അറ്റാക്ക് ഉണ്ടായത്. വിജയഗോളിനായി മെസ്സി ഈജിപ്തിന്റെ ബോക്‌സിലേക്ക് കൊടുത്ത പാസിൽ നിന്നായിരുന്നു തുടക്കം. അത് പിടിച്ചെടുത്ത് ഈജിപ്ത് താരങ്ങൾ പന്തുമായി അർജന്റീന ബോക്‌സിലേക്ക് കുതിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന ഉമർ മർമൂഷിന്റെ കാലിലായിരുന്നു പന്ത്. അർജന്റീനയുടെ പ്രതിരോധത്തിൽ ആകെയുണ്ടായിരുന്നത് ലിയാൻഡ്രോ പരെഡെസും.

തുറന്നു കിടന്ന അർജന്റീന ബോക്‌സിലേക്ക് അതിവേഗക്കാരൻ മർമൂഷ് പന്തുമായി കുതിച്ചപ്പോൾ ഇരുവശങ്ങളിലും സലായും ട്രസഗെയും അതോടൊപ്പം മുന്നേറി. ഇവരിൽ ആരുടേയെങ്കിലും കാലിലേക്ക് ആ പന്ത് കൈമാറിയാൽ ഈജിപ്ത് വിജയിച്ചു എന്ന അവസ്ഥ. സലയെ കവർ ചെയ്യാൻ ഒരു അർജന്റീനൻ താരം ഓടിയെത്തിയതോടെ പന്ത് സ്വതന്ത്രനായി നിൽക്കുന്ന ട്രസഗെയ്ക്ക് കൈമാറാനായിരുന്നു മർമൂഷിന്റെ പ്ലാൻ. എന്നാൽ ആ ഘട്ടത്തിൽ ലിയാൻഡ്രോ പരെഡെസിന്റെ ഒന്നാന്തരമൊരു ടാക്കിളുണ്ടായി. പാളിപ്പോയിരുന്നെങ്കിൽ റെഡ് കാർഡ് കിട്ടുമായിരുന്ന ഒരു ടാക്ക്ൾ. പക്ഷേ അതിനെ കുറിച്ചൊന്നും ആലോചിക്കാൻ സമയമില്ലാത്തതിനാൽ പരെഡെസ് വലതുകാൽ നീട്ടി ആ പന്ത് അർജന്റീനക്കായി വീണ്ടെടുത്തു. പരെഡെസിന്റെ കണക്കുകൂട്ടലുകൾ കൃത്യമായി. തൊട്ടുപിന്നാലെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന വിജയഗോളും കണ്ടെത്തി.