
ബാഴ്‌സലോണ: ലാ ലിഗ കിരീടവിജയാഹ്ലാദത്തിനിടെ പലസ്തീൻ പതാക ഉയർത്തിവീശി പതിനെട്ടുകാരനായ ബാഴ്‌സലോണ ഫുട്‌ബോൾ താരം ലാമിൻ യമാൽ. തിങ്കളാഴ്ച നടന്ന ഓപ്പൺ ടോപ്പ് ബസ് പരേഡിനിടെയാണ് താരം പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. മൊറോക്കോ, ഇക്വറ്റോറിയൽ ഗിനിയ വംശജരായ മാതാപിതാക്കളുടെ മകനായ യമാൽ പതാക വീശുന്ന വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഞായറാഴ്ച റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സലോണ ഇത്തവണത്തെ ലാ ലിഗ കിരീടം സ്വന്തമാക്കിയത്.
യമാലിന്റെ ഈ നീക്കത്തെ അനുകൂലിച്ചും വിമർശിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ മുൻനിര കായിക താരങ്ങളിൽ ഒരാൾ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ഏറെ ശക്തമായ സന്ദേശമാണെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നു. പ്രശസ്ത എക്‌സ് (ട്വിറ്റർ) അക്കൗണ്ടായ മരിയോ നൗഫൽ ഉൾപ്പെടെയുള്ളവർ താരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചു. തന്റെ സ്വാധീനം കൃത്യമായി ഉപയോഗിക്കാൻ യമാലിന് ഭയമില്ലെന്നാണ് ഇവരുടെ പക്ഷം. 2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതുമുതൽ ബാഴ്‌സലോണ നഗരം നിരവധി പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് വേദിയായിട്ടുണ്ട്.
അതേസമയം, കായിക വേദിയിൽ ഇത്തരം രാഷ്ട്രീയ നിലപാടുകൾ ഉയർത്തുന്നതിനെതിരേ കടുത്ത വിമർശനവും ഉയരുന്നുണ്ട്. ഭീകരതയെ പ്രതിനിധീകരിക്കുന്ന പതാകയാണ് താരം ഉയർത്തിയതെന്നും ഒരു ചാമ്പ്യൻഷിപ്പ് ആഘോഷത്തിനിടെ ഇത് ചെയ്തത് ശരിയായില്ലെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഏപ്രിൽ അവസാനമേറ്റ പരിക്കിനെത്തുടർന്ന് നിലവിൽ വിശ്രമത്തിലായ ലാമിൻ യമാൽ, ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി പൂർണ കായികക്ഷമത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published: 12 May 2026, 11:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented