അടുത്ത മെസ്സിയോ ക്രിസ്റ്റ്യാനോയോ എംബാപ്പെയോ നെയ്മറോ ആകണമെന്ന ആഗ്രഹമില്ല. അവരുടെയൊക്കെ പിൻഗാമിയായി എന്റെ പേര് പറഞ്ഞാൽത്തന്നെ സന്തോഷമാണ്

18 വയസ്സുകാരനായ ലാമിൻ യമാൽ ഈ ലോകകപ്പിന്റെ താരമാകുമെന്നു കരുതുന്നവർ ഏറെ. യൂറോകപ്പ് ജേതാക്കൾ എന്ന പെരുമയോടെ എത്തുന്ന സ്പാനിഷ് ടീം യമാലിൽനിന്ന് ഏറെ പ്രതീക്ഷിക്കുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ യമാൽ ആ പ്രതീക്ഷകൾ പങ്കുവെക്കുന്നു
പതിനെട്ടാമത്തെ വയസ്സിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കാൻ പോകുന്നു... എന്താണ് ഇപ്പോഴത്തെ വികാരം?
വലിയ ത്രില്ലിലാണ്. നിലവിലെ യൂറോ ചാമ്പ്യന്മാർ എന്ന മേൽവിലാസത്തിലാണ് സ്പെയിൻ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. കളിയെ ആവേശത്തോടെ കാണുന്ന ഒരുസംഘം ചെറുപ്പക്കാർ ടീമിലുണ്ട്. ലോകകപ്പ് കളിക്കുകയെന്നത് കുട്ടിക്കാലംതൊട്ടേ ഉള്ളിൽനിറഞ്ഞ സ്വപ്നമായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പിലും സ്പെയിന്റെ കളികൾ സൂക്ഷ്മമായി കണ്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ ഇത് മൂന്നാമത്തെ ലോകകപ്പാണ്. ഇക്കുറി ഞാനും കളിക്കാനിറങ്ങുന്നു.
നിങ്ങളുടെ കാര്യത്തിൽ എല്ലാം വളരെ നേരത്തെയെത്തി എന്നതൊരു ന്യൂനതയാണോ?
ഇല്ല. ഞാൻ ചെറുപ്പത്തിലേ ഫുട്ബോളറാകാൻ ആഗ്രഹിച്ചു. ഫുട്ബോൾ കളിക്കുകയല്ലാതെ ജീവിതത്തിൽ ഞാൻ മറ്റൊന്നും ചെയ്തിട്ടില്ല. കളിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ കളിച്ചു. അതല്ലാതെ മറ്റൊന്നിനെക്കുറിച്ചും കാര്യമായി ചിന്തിച്ചിട്ടുമില്ല.
2010-ൽ കിരീടം നേടിയ സ്പെയിന് അതിനുശേഷം മൂന്നു ലോകകപ്പിലും സെമിഫൈനലിൽ എത്തിയില്ല. ഇക്കുറി മറ്റൊരു ഫലമുണ്ടാകുമോ?
ലോകകപ്പ് പോലൊരു മത്സരത്തെക്കുറിച്ച് ഒന്നും പ്രവചിക്കാനാകില്ല. ടീമിനുവേണ്ടി ഏറ്റവും വലിയ പോരാട്ട വീര്യവും മനസ്സായുധവും ഒരുക്കൂട്ടും കളിക്കാർ ഞങ്ങളുടെ ടീമിലുണ്ട്. യോഗ്യതാ റൗണ്ടിൽ അഞ്ചു ജയവും ഒരു സമനിലയുമായി അത് തെളിയിച്ചതാണ്. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഒരു കളിപോലും തോറ്റിട്ടില്ല. ഞങ്ങൾ സ്ഥിരതയോടെ കളിക്കുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ലോകകപ്പിലും അതു തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തുന്നതിൽ നിങ്ങൾക്ക് വെല്ലുവിളി യുറുഗ്വായ് ആണ്. സൗദി അറേബ്യ, കേപ് ഡി വെർദെ എന്നീ ടീമുകളെ അത്ര കാര്യമാക്കുന്നില്ലല്ലോ...
അങ്ങനെ പറയരുത്. ലോകകപ്പിൽ കളിക്കുന്ന 48 ടീമുകളും ബഹുമാനം അർഹിക്കുന്നു. ഈ യോഗ്യത അവർ നേടിയെടുത്തതാണ്. ഖത്തറിൽ അർജന്റീനയെ തോൽപ്പിച്ച സൗദിയെ നമ്മൾക്ക് എങ്ങനെ എഴുതിത്തള്ളാനാകും? യുറുഗ്വായും കനത്ത എതിരാളികളാണ്.
കിരീടം നേടാൻ സാധ്യതയുള്ള ടീമിൽ മുൻനിരയിലാണ് സ്പെയിൻ. താങ്കൾക്ക് എന്തു തോന്നുന്നു?
ഇത്തരം വിലയിരുത്തലുകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഫുട്ബോൾ എന്നാൽ, മൈതാനത്ത് നടക്കുന്ന കളിയാണ്. കഴിഞ്ഞ യൂറോയിൽ ഞങ്ങൾ ഫേവറിറ്റുകളായിരുന്നില്ല; പക്ഷേ കിരീടം നേടി. ഇത്തരം പ്രവചനങ്ങൾ നമ്മളെ കളി ജയിക്കാനോ കൂടുതൽ ഗോളിടാനോ സഹായിക്കില്ല. അത് കളിച്ചുതന്നെ നേടണം.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ കനത്ത എതിരാളികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എങ്ങനെ കാണുന്നു?
ഈ ഘട്ടത്തിൽ ഞാൻ നോക്കൗട്ടിനെക്കുറിച്ച് ചിന്തിക്കുന്നില്ല. പ്രാഥമിക റൗണ്ടിലെ മൂന്നു കളികൾ മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. അതിൽ നന്നായി കളിച്ച് നോക്കൗട്ടിലെത്തുകയാണ് ലക്ഷ്യം. അതുകഴിഞ്ഞെ അവിടെത്തെ എതിരാളികളെക്കുറിച്ച് ആലോചിക്കൂ. ഓരോ കളികളായാണ് ടീം പദ്ധതി തയ്യാറാക്കുന്നത്.
കിരീടസാധ്യതയുള്ള മറ്റു ടീമുകളെപ്പറ്റി പറഞ്ഞാൽ?
കുറെ ടീമുകളുണ്ട്. അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്... പിന്നെയും കുറെ ടീമുകൾ. ലോകകപ്പ് എപ്പോഴും ചില വിസ്മയങ്ങൾ സമ്മാനിക്കും. അതുകൊണ്ട് ഒരു ടീമിനെയും കളി തുടങ്ങുംമുമ്പ് എഴുതിത്തള്ളാനാകില്ല.
യമാലിനെ മെസ്സിയുമായി താരതമ്യപ്പെടുത്തുന്നത് ചിലരെല്ലാം? അതിന്റെ സമ്മർദമുണ്ടോ?
അടുത്ത മെസ്സിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ പലതവണ പറഞ്ഞുകഴിഞ്ഞു. എനിക്ക് ഞാനായാൽ മതി. മെസ്സി ഒരു പ്രതിഭാസമാണ്, അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ, അടുത്ത മെസ്സിയോ ക്രിസ്റ്റ്യാനോയോ എംബാപ്പെയോ നെയ്മറോ ആകണമെന്ന ആഗ്രഹമില്ല. അവരുടെയൊക്കെ പിൻഗാമിയായി എന്റെ പേര് പറഞ്ഞാൽത്തന്നെ സന്തോഷമാണ്, അവരിൽ ഒരാളാകേണ്ടതില്ല.
Published: 07 Jun 2026, 10:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented