പാരിസ്: പിഎസ്ജിയുടെ ഫ്രഞ്ച് ഫുട്‌ബോളര്‍ കൈലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. സ്പാനിഷ് വമ്പന്‍മാരായ റയലുമായി എംബാപ്പെ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ക്ലബ്ബ് വിടാതിരിക്കാന്‍ താരത്തിന് മുന്നില്‍ പിഎസ്ജി വമ്പന്‍ ഓഫര്‍വെച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

To advertise here,

എംബാപ്പെ പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചെന്നും റയലിലേക്കില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോരന്റിനോ പെരെസിനെ അറിയിച്ചതായും മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

അതേസമയം എംബാപ്പെക്ക് പ്രതിമാസ പ്രതിഫലമായി 39 കോടി രൂപയാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണിത്. എന്നാല്‍ പുതിയ കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ജൂണ്‍ 30-ന് അവസാനിക്കും.

എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് നാലു മാസക്കാലത്തെ കടുത്ത പരിശ്രമങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ്, എംബാപ്പെയുമായി കരാറിലെത്തിയതായി സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തത്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞസീസണില്‍ റയല്‍ 1600 കോടിയോളം രൂപ താരത്തിനായി വാഗ്ദാനംചെയ്തിരുന്നു.