മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങിയ പിഎസ്ജി അവിശ്വസനീയമായാണ് റയല്‍ മാഡ്രിഡിനോട് തോല്‍വി വഴങ്ങിയത്. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിന്റെ മുന്‍തൂക്കമുണ്ടായിരുന്ന പിഎസ്ജി സാന്തിയാഗോ ബെര്‍ണബ്യുവില്‍ നടന്ന രണ്ടാം പാദത്തില്‍ ഒരു ഗോള്‍ കൂടി നേടിയ ശേഷമാണ് പിന്നീട് മൂന്നു ഗോള്‍ വഴങ്ങി തോല്‍ക്കുന്നത്. അതും രണ്ടാം പകുതിയില്‍ വെറും 17 മിനിറ്റുകള്‍ക്കുള്ളിലാണ് കരീം ബെന്‍സേമയുടെ ഹാട്രിക്കില്‍ റയല്‍ വിജയം പിടിച്ചത്. 

To advertise here,

പിഎസ്ജിയുടെ ഈ തോല്‍വി കളികാണാനെത്തിയ ക്ലബ്ബ് ഉടമയും പ്രസിഡന്റുമായ നാസ്സര്‍ അല്‍ ഖെലായിഫിക്ക് സഹിക്കാനായില്ല. തോല്‍വിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട അദ്ദേഹം ആ രോഷം മുഴുവന്‍ മത്സര ശേഷം റഫറിയുടെ ഡ്രസ്സിങ് റൂമിലെത്തി തീര്‍ത്തു.

61-ാം മിനിറ്റിലെ റയലിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയ സംഭവമാണ് നാസ്സര്‍ അല്‍ ഖെലായിഫിയെ ചൊടിപ്പിച്ചത്. പന്ത് ക്ലിയര്‍ ചെയ്യാന്‍ വൈകിയ ഡൊണ്ണരുമ്മയുടെ പിഴവ് മുതലെടുത്തായിരുന്നു ബെന്‍സേമ ഈ ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍കീപ്പറെ ഫൗള്‍ ചെയ്താണ് ബെന്‍സേമ ഈ സമയം പന്ത് പിടിച്ചെടുത്തതെന്ന് പിഎസ്ജി താരങ്ങള്‍ വാദിച്ചെങ്കിലും വാര്‍ പരിശോധിക്കാന്‍ റഫറി ഒരുക്കമായിരുന്നില്ല. മറിച്ച് എംബാപ്പെ നേടിയ രണ്ട് ഓഫ്‌സൈഡ് ഗോളുകള്‍ റഫറി നിഷേധിച്ചത് വാര്‍ പരിശോധിച്ച ശേഷമായിരുന്നു. റഫറിയുടെ ഈ തീരുമാനത്തില്‍ നാസ്സര്‍ രോഷാകുലനായിരുന്നു.

മത്സരം അവസാനിച്ചതിനു പിന്നാലെ ഡ്രസ്സിങ് റൂമിലേക്ക് കയറിയ ക്ലബ്ബുടമ നിയന്ത്രണം വിട്ട് സംസാരിക്കുകയും മുറിയിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി റഫറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇരു പാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ റയല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ആദ്യ പാദത്തില്‍ പിന്നിലായ ശേഷം റയല്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ വിജയം നേടുന്നത് ഇത് നാലാം തവണയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഒമ്പത് സീസണുകളില്‍ ഇത് നാലാം തവണയാണ് പിഎസ്ജി നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്നത്.