മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോൾ താരവും റയൽ മാഡ്രിഡ് ടീം അംഗവുമായ കിലിയൻ എംബാപ്പെയുടെ, ചൈനയുടെ മുൻ ഭരണാധികാരി മാവോ സേ തുങ്ങുമായി ബന്ധപ്പെട്ട മീം പരാമർശത്തിൽ ചൈനയിലെ ആരാധകരോടും ജനങ്ങളോടും പരസ്യമായി മാപ്പപേക്ഷിച്ച് റയൽ മാഡ്രിഡ് ഫുട്‌ബോൾ ക്ലബ്ബ്. എംബാപ്പെ നടത്തിയ പരാമർശം ചൈനയിൽ വലിയ പ്രതിഷേധത്തിനും സാമ്പത്തിക തിരിച്ചടികൾക്കും കാരണമായ സാഹചര്യത്തിലാണ് ക്ലബ്ബ് ഔദ്യോഗിക മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ കിലിയൻ എംബാപ്പെ ചൈനയിലെ ആരാധകരോട് പരസ്യമായി മാപ്പുപറഞ്ഞിരുന്നു. എംബാപ്പെയുടെ മാപ്പപേക്ഷയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച റയൽ മാഡ്രിഡ്, തങ്ങളുടെ കളിക്കാരന്റെ വാക്കുകൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ ചൈനീസ് ജനതയോട് ക്ലബ്ബിന്റെ പേരിൽ മാപ്പ് ചോദിക്കുന്നതായി പ്രഖ്യാപിച്ചു. 'ചൈനയോടും അവിടുത്തെ ചരിത്രത്തോടും സംസ്‌കാരത്തോടും പൗരന്മാരോടും റയൽ മാഡ്രിഡിനോട് സ്‌നേഹം പുലർത്തുന്ന ദശലക്ഷക്കണക്കിന് ചൈനീസ് ആരാധകരോടും ക്ലബ്ബിന് വലിയ ബഹുമാനമുണ്ട്' എന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കി. പരസ്പര ബഹുമാനവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കുമെന്നും ചൈനയുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബ് കൂട്ടിച്ചേർത്തു.
തന്റെ മുഖം ഉൾപ്പെടുത്തി നിർമിച്ച ഇന്റർനെറ്റ് മീമുകളെക്കുറിച്ച് എംബാപ്പെ സംസാരിക്കുന്ന ഒരു വീഡിയോ ആണ് വിവാദങ്ങൾക്ക് കാരണമായത്. മീമുകളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് ചോദിച്ചപ്പോൾ, 'ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തിൽ തന്റെ മുഖം ചേർത്ത മീം' എന്ന് എംബാപ്പെ മറുപടി നൽകുകയായിരുന്നു. ഇതിനു പിന്നാലെ 1949 മുതൽ 1976-ൽ മരിക്കുന്നത് വരെ ചൈനയെ നയിച്ച മാവോ സേ തുങ്ങിന്റെ ശരീരത്തിൽ എംബാപ്പെയുടെ മുഖം ചേർത്തുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
വെയ്‌ബോ അടക്കമുള്ള ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനെതിരേ വൻ പ്രതിഷേധമുയരുകയും താരത്തെയും അദ്ദേഹവുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും ബഹിഷ്‌കരിക്കാൻ ആഹ്വാനമുണ്ടാകുകയും ചെയ്തു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനും സംഭവത്തിൽ വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തി.
ഇതോടെ, മൂന്ന് പ്രമുഖ ചൈനീസ് ബ്രാൻഡുകൾ താരവുമായുള്ള കരാറുകൾ റദ്ദാക്കി. ഊർജ്ജ പാനീയ നിർമ്മാതാക്കളായ ഡോങ്‌പെങ് ബെവറേജ്, ക്ഷീര കമ്പനിയായ മെങ്‌നിയു, ചീസ് ഉത്പന്ന നിർമാതാക്കളായ മിൽക്ക് ഗ്രൗണ്ട് എന്നിവരാണ് എംബാപ്പെയുമായുള്ള സഹകരണം അവസാനിപ്പിച്ചത്. ചൈനയിലെ സ്റ്റേറ്റ് ടെലിവിഷൻ എംബാപ്പെയുടെയും ലാലിഗയുടെയും മത്സരങ്ങളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കുകയും പരസ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
ഇതോടെയാണ് എംബാപ്പെ തന്നെ പരസ്യമായി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ ലാലിഗയും ചൈനീസ് ആരാധകരോട് ക്ഷമാപണം നടത്തുകയും എംബാപ്പെയുടെ പരാമർശം വ്യക്തിപരമാണെന്നും ലാലിഗയെയോ ക്ലബ്ബുകളെയോ പ്രതിനിധീകരിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ലാലിഗ പ്രസിഡന്റ് ജാവിയർ ടെബാസും വ്യക്തിപരമായി മാപ്പുപറയുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണവും ആശയവിനിമയ പ്രോട്ടോക്കോളും നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Content Highlights: Kylian Mbappe made a controversial comment referencing a Mao Zedong meme., Real Madrid and Mbappe issued a public apology to Chinese fans following severe backlash., Major Chinese brands cancelled endorsement contracts with Mbappe., Chinese state television suspended broadcasts of Mbappe and La Liga matches.
Published: 28 Oct 2026, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented