ലണ്ടൻ: ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ അവതരിപ്പിച്ച പ്രഥമ ബോട്ട് (Ballon d'or of All Time) പുരസ്‌കാരം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഫുട്‌ബോൾ ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെ എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനത്തിനുള്ള 'ബാലൺദ്യോർ ഓഫ് ഓൾ ടൈം' പുരസ്‌കാരം ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. യുവേഫയും ഫ്രാൻസ് ഫുട്‌ബോളും ചേർന്നാണ് ആ അവാർഡ് സംഘടിപ്പിച്ചത്.

To advertise here,

ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺദ്യോർ നേടിയിട്ടുള്ള 10 ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച സീസണുകളിൽ നിന്നാണ് ആരാധകർ മികച്ച പ്രകടനത്തെ തിരഞ്ഞെടുത്തത്.

2008-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെച്ച പ്രകടനമാണ് മെസ്സിയുടെ 2012-ലെ റെക്കോഡ് സീസണിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2012-ൽ ബാഴ്‌സലോണയ്ക്കായി ലയണൽ മെസ്സി 91 ഗോളുകൾ നേടിയ ചരിത്രപരമായ പ്രകടനത്തെ മറികടന്നാണ് മാഞ്ചെസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ 2008 സീസൺ ഒന്നാമതെത്തിയത്. റൊണാൾഡോയുടെ 2017-ലെ സീസൺ ഈ പട്ടികയിൽ മൂന്നാം സ്ഥാനം നേടി.

2007/08 സീസണിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. യുണൈറ്റഡിനെ പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരേ താരം ഗോൾ നേടുകയും ചെയ്തിരുന്നു. വ്യക്തിഗത തലത്തിൽ എല്ലാ മത്സരങ്ങളിലുമായി 42 ഗോളുകളും എട്ട് അസിസ്റ്റുകളും റൊണാൾഡോ ഈ സീസണിൽ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ മാത്രം 31 ഗോളുകൾ നേടി. കൂടാതെ, പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്‌കോറർ, യൂറോപ്യൻ ഗോൾഡൻ ഷൂ എന്നിവയ്ക്ക് പുറമെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ, പി.എഫ്.എ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ, എഫ്.ഡബ്ല്യു.എ ഫുട്‌ബോളർ ഓഫ് ദി ഇയർ, യുവേഫ ക്ലബ് ഫുട്‌ബോളർ ഓഫ് ദി ഇയർ, ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ എന്നീ പ്രധാന വ്യക്തിഗത ബഹുമതികളെല്ലാം റൊണാൾഡോ ആ സീസണിൽ തൂത്തുവാരിയിരുന്നു.

ഈ വോട്ടെടുപ്പിലെ ആദ്യ 10 സ്ഥാനങ്ങളും റൊണാൾഡോയും മെസ്സിയും ചേർന്ന് പങ്കിട്ടു. റൊണാൾഡോയുടെ അഞ്ച് സീസണുകളും (2008 - 1, 2017 - 3, 2016 - 5, 2014 - 6, 2013 - 8) മെസ്സിയുടെ അഞ്ച് സീസണുകളും (2012 - 2, 2023 - 4, 2015 - 7, 2011 - 9, 2009 - 10) ആണ് പട്ടികയിൽ ഇടംപിടിച്ചത്. യൊഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാൻസ് ബെക്കൻബോവർ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ, കെവിൻ കീഗൻ, കാൾ-ഹൈൻസ് റുമെനിഗെ, റൊണാൾഡോ നസാരിയോ തുടങ്ങിയ മറ്റ് എട്ട് ഇതിഹാസ താരങ്ങൾക്ക് ആദ്യ 10 റാങ്കിങ്ങിൽ ഇടംനേടാനായില്ല.