കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ.) മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെതിരേ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. ഒരു ഗോളിൽ പിന്നിൽ നിന്നശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 89-ാം മിനിറ്റിൽ അമർജിത് സിങ് കിയാം രണ്ടാമത്തെ മഞ്ഞക്കാർഡും ലഭിച്ച് പുറത്തായതോടെ മുഹമ്മദൻ പത്തുപേരായി ചുരുങ്ങി.

To advertise here,

ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്തി. 42-ാം മിനിറ്റിൽ ബോക്സിന് 30-40 വാര അകലെനിന്നുതിർത്ത മനോഹരമായ ലോങ് റേഞ്ചറിലൂടെ മഹിതോഷ് റോയ് മുഹമ്മദനെ മുന്നിലെത്തിച്ചു. എന്നാൽ, രണ്ടു മിനിറ്റുകൾക്കകം ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 44-ാം മിനിറ്റിൽ കെവിൻ യോക്കെയുടെ ത്രൂപാസ് സ്വീകരിച്ച് ഫ്രാൻകു ബ്ലാസ്റ്റേഴ്സിനായി സമനിലഗോൾ നേടി. ഇതോടെ ആദ്യ പകുതി 1-1 സമനിലയിലായി.

രണ്ടാംപകുതിയിലെ 59-ാം മിനിറ്റിൽ വിക്ടർ ബെർത്തോമിയോവിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. കെവിൻ യോക്കെ നൽകിയ ക്രോസ് ഹെഡറിലൂടെ ബെർത്തോമിയോ വലയിലെത്തിക്കുകയായിരുന്നു. 74-ാം മിനിറ്റിൽ പകരക്കാരനായി വന്ന ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും നേടി. ഫ്രാൻകുവിന്റെ തകർപ്പൻ നീക്കത്തിനൊടുവിൽ ലഭിച്ച ക്രോസ് മാർക്ക് ചെയ്യപ്പെടാതെനിന്ന ശ്രീക്കുട്ടൻ അനായാസം വലയിലാക്കി വിജയം ഉറപ്പിച്ചു.