ടൂറിന്‍: അര്‍ജന്റീനയുടെ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കി യുവന്റസ്. ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയില്‍ നിന്നാണ് താരം യുവന്റസിലെത്തുന്നത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫ്രീ ഏജന്റായാണ് താരം യുവന്റസിലെത്തിയത്.

To advertise here,

34 കാരനായ ഈ മുന്നേറ്റതാരം അടുത്ത ആഴ്ച യുവന്റസിനൊപ്പം ചേരുമെന്ന് റൊമാനോ വ്യക്തമാക്കി. പി.എസ്.ജിയ്‌ക്കൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിടുന്നത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. 

പോള്‍ പോഗ്ബയ്ക്ക് ശേഷം ഈ സീസണില്‍ യുവന്റസ് സ്വന്തമാക്കുന്ന താരമാണ് ഡി മരിയ. കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവന്റസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് ടീമിനെത്താനായത്‌.