സാവോപോളോ: ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ യുറഗ്വായ് ഫുട്ബോള്‍ താരം ഹുവാന്‍ ഇസ്ക്വിയര്ദോയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞയാഴ്ച കോപ്പ ലിബര്‍ട്ടഡോഴ്സ് മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച താരം വെന്റിലേറ്ററില്‍ കഴിഞ്ഞുവരവേയാണ് അന്ത്യം. ക്ലബ് നസിയോണലിന്റെ പ്രതിരോധ താരമായ ഇരുപത്തേഴുകാരന്, ബ്രസീലില്‍ സാവോപോളോയ്ക്കെതിരായ മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്.
മത്സരത്തില്‍ ഒന്നാംപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയതായിരുന്നു ഇസ്ക്വിയര്‍ദോ. 84-ാം മിനിറ്റില്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനെത്തുടര്ന്ന് ഗ്രൗണ്ടില്‍ ഒരു വിധത്തിലുള്ള കൂട്ടിമുട്ടലുമില്ലാതെ പെട്ടെന്ന് കുഴഞ്ഞുവീണു. ഉടന്‍തന്നെ ബ്രസീലിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ന്യൂറോളജിക്കല്‍ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തെങ്കിലും ആരോഗ്യനില വഷളായി. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.
2018-ല്‍ സെറോ ക്ലബ്ബിലാണ് ഇസ്ക്വിയര്‍ദോ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിറ്റേ വര്‍ഷം പെണറോളിലേക്ക് കൂടുമാറി. തുടര്‍ന്ന് മോണ്ടിവിഡിയോ വാണ്ടറേഴ്സിലേക്കും 2022-ല്‍ നസിയോണലിലേക്കും മാറി. അതിനുശേഷം ലിവര്‍പൂളിന്റെ ലോക്കല്‍ ക്ലബ്ബില്‍ മത്സരിച്ച അദ്ദേഹം അവിടെ മിന്നും പ്രകടനം നടത്തി. നസിയോണലിലേക്ക് ഈവര്‍ഷം വീണ്ടും മടങ്ങിയെത്തി. ക്ലബ്ബില്‍ 23 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോള്‍ നേടിയിട്ടുണ്ട്.
Content Highlights: juan izquierdo uruguayan footballer died after collapsing pitch
Published: 28 Aug 2024, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented