
കോപ്പൻഹേഗൻ/മാഡ്രിഡ്: പരിശീലകൻ യോർഗെ ജെസ്യൂസുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാമ്പ് വിട്ടത് വലിയ വിവാദമായിരുന്നു. യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടമുണ്ടാകില്ലെന്ന് പരിശീലകൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടീം വിടുകയാണെന്ന് ക്രിസ്റ്റ്യാനോ സാമൂഹിക മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. ഇക്കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്റ്റ്യാനോ പോർച്ചുഗലിനായി ഇനി കളിക്കുമോയെന്ന ചർച്ചകളും സജീവമായി.
അതേസമയം അനുവാദമില്ലാതെ ടീം വിട്ട താരത്തിനെതിരേ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കും. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച്, റൊണാൾഡോയ്ക്ക് ഒന്നു മുതൽ ആറു മാസം വരെ സസ്‌പെൻഷനും കനത്ത പിഴയും നേരിടേണ്ടി വന്നേക്കാം. ഫെഡറേഷന്റെ നിയമാവലി പ്രകാരം, ദേശീയ ടീമിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഏതൊരു കളിക്കാരനും കൃത്യമായ കാരണങ്ങളില്ലാതെ പരിശീലന സെഷനുകളിലോ മത്സരങ്ങളിലോ ഫെഡറേഷന്റെ മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ ക്യാമ്പ് ഉപേക്ഷിച്ചു പോവുകയോ ചെയ്താൽ, ഒന്നു മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കും. പ്രൊഫഷണൽ കളിക്കാരനാണെങ്കിൽ, ഇതിന് പുറമെ ഏകദേശം 500 മുതൽ 1,000 യൂറോ വരെ പിഴയും അടയ്‌ക്കേണ്ടി വരും. റൊണാൾഡോ ഇനി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ പോലും ഈ തീരുമാനം അദ്ദേഹത്തിന് നിയമപരമായ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ചശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചതും ടീം വിടാൻ പ്രേരിപ്പിച്ചതും. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രൊയെൻസയുമായി താരം സംസാരിച്ചിട്ടുണ്ട്.
Content Highlights: Cristiano Ronaldo left the Portugal training camp without permission due to a disagreement with coach Jorge Jesus., Ronaldo was left out of the starting XI for the match against Denmark., Portugal Football Federation rules state he could face a 1 to 6-month suspension and a fine of 500 to 1,000 Euros.
Published: 02 Oct 2026, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented