ബാഴ്‌സലോണ: സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനു പിന്നാലെ പ്രതിരോധനിര താരം ജോര്‍ഡി ആല്‍ബയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിടുന്നു. ഈ സീസണോടെ താരം ക്ലബ്ബ് വിടുമെന്ന വാര്‍ത്ത ബുധനാഴ്ച ബാഴ്‌സലോണ തന്നെയാണ് അറിയിച്ചത്. ക്ലബ്ബുമായി 11 വര്‍ഷത്തോളം നീണ്ട ബന്ധമാണ് ആല്‍ബ അവസാനിപ്പിക്കാനൊരുങ്ങുന്നത്.

To advertise here,

ഒരു സീസണ്‍ കൂടി കരാര്‍ ബാക്കിനില്‍ക്കേയാണ് അത് റദ്ദാക്കാന്‍ താരവും ക്ലബ്ബും ഒന്നിച്ച് തീരുമാനമെടുത്തത്. 2012-ല്‍ വലന്‍സിയയില്‍ നിന്നാണ് ആല്‍ബ ബാഴ്‌സയിലെത്തുന്നത്. ഇക്കാലത്തിനിടയ്ക്ക് ക്ലബ്ബിനൊപ്പം ആറ് ലാ ലിഗ കിരീടവും ഒരു തവണ ചാമ്പ്യന്‍സ് ലീഗും നേടി. 11 വര്‍ഷത്തിനിടെ ക്ലബ്ബിനൊപ്പം 19 കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.

അതേസമയം ബുസ്‌ക്വെറ്റ്‌സിനെ പോലെ തന്നെ ആല്‍ബയും സൗദി പ്രോ ലീഗിലേക്കാണ് പോകുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.