കൊൽക്കത്ത: ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി (1-0) കീരീടമണിഞ്ഞ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ (വിവേകാനന്ദ യുവഭാരതി ക്രീരംഗൻ) നടന്ന ആവേശകരമായ പോരാട്ടത്തിൽ സമീർ സെൽകോവിച്ച് നേടിയ ഒറ്റ ഗോളാണ് മോഹൻ ബഗാന് വിജയം സമ്മാനിച്ചത്. മോഹൻ ബഗാന്റെ 22-ാം ഐഎഫ്എ ഷീൽഡ് കിരീടമാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചു. കളിയുടെ ആറാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ എഡ്മണ്ട് ലാൽറിൻഡികയ്ക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കൈത് മുന്നോട്ട് കയറിവന്ന് പന്ത് തടഞ്ഞു. തുടർന്ന് മോഹൻ ബഗാന്റെ മെഹ്താബ് സിങ്ങിന് ലഭിച്ച ഹെഡർ അവസരം ലക്ഷ്യം കാണാതെ പുറത്തുപോയി. ലാല്ലിയൻസുവാല ഛാങ്‌തെ, സഹൽ അബ്ദുൽ സമദ് എന്നിവരുടെ ശക്തമായ ഷോട്ടുകൾ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ഫുർബ ലാചെൻപ സമർഥമായി തടഞ്ഞു.
എന്നാൽ ഒന്നാം പകുതിയുടെ അവസാന നിമിഷത്തിൽ മോഹൻ ബഗാൻ ലീഡ് നേടി. ഈസ്റ്റ് ബംഗാൾ താരം എഡ്മണ്ട് വരുത്തിയ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത സമീർ സെൽകോവിച്ച്, സഹൽ അബ്ദുൽ സമദുമായി ചേർന്ന് നടത്തിയ മികച്ച വൺ-ടു നീക്കത്തിനൊടുവിൽ പന്ത് വലയിലാക്കി. സഹൽ ബോക്‌സിലേക്ക് നൽകിയ ലോബ് പാസ് സ്വീകരിച്ചാണ് സെൽകോവിച്ച് ഫുർബ ലാചെൻപയെ മറികടന്ന് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഈസ്റ്റ് ബംഗാൾ കടുത്ത സമ്മർദ്ദം ചെലുത്തി. സെബാസ്റ്റ്യൻ സ്വോളിൻസ്‌കി, അന്റോണിയോ ലോബ എന്നിവരെ ഇറക്കി അവർ ആക്രമണം കടുപ്പിച്ചെങ്കിലും, മോഹൻ ബഗാൻ പ്രതിരോധവും ഗോൾകീപ്പർ വിശാൽ കൈതും ഉറച്ചുനിന്നു. കളി പുരോഗമിക്കവേ കളം കൂടുതൽ ചൂടുപിടിക്കുകയും ഇരുടീമുകളിലെയും കളിക്കാർ തമ്മിൽ തർക്കങ്ങളിലും ഫൗളുകളിലും ഏർപ്പെടുകയും ചെയ്തു. ഡീൻ മാൻഡി, ജെക്‌സൺ സിങ്, ആൽബർട്ടോ റോഡ്രിഗസ് എന്നിവർ മഞ്ഞക്കാർഡ് കണ്ടു.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഡ്യൂറൻഡ് കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനോടേറ്റ 4-1ന്റെ തോൽവിക്ക് മധുരപ്രതികാരം വീട്ടാനും മോഹൻ ബഗാനായി. കഴിഞ്ഞ സീസണിലെ ഐഎഫ്എ ഷീൽഡ് ഫൈനലിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ കിരീടം സ്വന്തമാക്കിയിരുന്നത്.
Content Highlights: Mohun Bagan defeated arch-rivals East Bengal 1-0 in the IFA Shield final., Sameer Selkovic scored the winning goal assisted by Sahal Abdul Samad., This victory marks Mohun Bagan's 22nd IFA Shield title win., The win also serves as sweet revenge for their previous Durand Cup defeat.
Published: 08 Oct 2026, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented