ചിയാങ്മെയ് (തായ്ലന്‍ഡ്): കരുത്തരായ എതിരാളിക്കെതിരെ വീരോചിത പോരാട്ടത്തിനൊടുവില്‍ ഇന്ത്യ വീണു. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട കിങ്സ് കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ഇറാഖിനോട് 5-4 നാണ് തോറ്റത്. നിശ്ചിതസമയത്ത് 2-2 ന് ഇരുടീമുകളും തുല്യതപാലിച്ചു. രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. ഫൈനലില്‍ ഇറാഖ് തായ്ലാന്‍ഡിനെ നേരിടും. ലെബനനെ തോല്‍പ്പിച്ചാണ് തായ്ലാന്‍ഡ് ഫൈനലിലെത്തിയത് (2-1).

To advertise here,

ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ആദ്യ കിക്കെടുത്ത ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചുതെറിച്ചു. സന്ദേശ് ജിംഗാന്‍, സുരേഷ് സിങ്, അന്‍വര്‍ അലി, റഹീം അലി എന്നിവര്‍ വലകുലുക്കി. ഇറാഖ് അഞ്ചുകിക്കുകളും വലയിലാക്കി ഫൈനലിലേക്ക് മുന്നേറി.

ഇറാഖുവേണ്ടി മെര്‍ക്കാസ് ഡോസ്‌കി, അലി അദിനാന്‍, ഹുസൈന്‍ അലി, അമീന്‍ അല്‍ ഹമാവി, ബാഷര്‍ റസാന്‍ എന്നിവര്‍ വലകുലുക്കി. നിശ്ചിത സമയത്ത് രണ്ട് തവണ ലീഡ് നേടിയശേഷമാണ് ഇന്ത്യ സമനിലയില്‍ കുരുങ്ങിയത്.

17-ാം മിനിറ്റില്‍ മഹേഷ് സിങ് നയോറത്തിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ലീഡെടുത്തത്. മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. എന്നാല്‍ ഇന്ത്യയുടെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 28-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലി അല്‍ ഹമാദി ഇറാഖിന് സമനില ഗോള്‍ നല്‍കി. ബോക്‌സിനുള്ളില്‍ വെച്ച് ജിംഗാന്റെ കൈയില്‍ പന്ത് തട്ടിയതിന് മഞ്ഞക്കാര്‍ഡ് നല്‍കിയ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 ന് സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഇറാഖ് ഗോള്‍ കീപ്പര്‍ ജലാല്‍ ഹസ്സന്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. മന്‍വീര്‍ സിങ്ങിന്റെ ക്രോസ് ജലാലിന്റെ പിഴവിലൂടെ ഗോളായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. എന്നാല്‍ 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അയ്മന്‍ ഹുസൈന്‍ ഇറാഖിന് സമനില സമ്മാനിച്ചു. ഇത്തവണയും ജിംഗാന്റെ പിഴവാണ് പെനാല്‍റ്റിക്ക് കാരണമായത്.

ലോകറാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഇറാഖിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇറാഖ് 70-ാം റാങ്കിലാണ്. ഇന്ത്യ 99-ാം സ്ഥാനത്താണ്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ.പി എന്നിവര്‍ കളിച്ചു.