ഡാലസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് തോൽവി. തിങ്കളാഴ്ച നടന്ന മത്സരത്തിൽ കൊളംബസിനോടാണ് മയാമി തോറ്റത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പരാജയം. മത്സരത്തിൽ മെസ്സി തകർപ്പൻ ഫ്രീകിക്ക് ഗോളോടെ തിളങ്ങി.

To advertise here,

മത്സരത്തിൽ കൊളംബസാണ് ആദ്യം ലീഡെടുത്തത്. 28-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോസഫ് മാർട്ടിനസ് മുന്നിലെത്തിച്ചു. എന്നാൽ മിനിറ്റുകൾക്കകം മയാമിയുടെ മറുപടിയെത്തി. 33-ാം മിനിറ്റിൽ ലയണൽ മെസ്സി മയാമിക്കായി വലകുലുക്കി. വലതുവിങ്ങിൽ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി ടീമിനായി സമനില ഗോൾ നേടിയത്. ഗോൾ കീപ്പർ ആവുന്നതിന്റെ പരമാവധി ശ്രമിച്ചെങ്കിലും മെസ്സിയുടെ കിക്ക് തടയാനായില്ല. മെസ്സിയുടെ ഫ്രീകിക്ക് ആരാധകരെയൊന്നാകതെ അമ്പരപ്പിച്ചു.

ആദ്യ പകുതി 1-1 ന് അവസാനിച്ചു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും മുകച്ച മുന്നേറ്റങ്ങൾ നടത്തി. 64-ാം മിനിറ്റിൽ മയാമി ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡായതോടെ ഗോൾ നിഷേധിച്ചു. 96-ാം മിനിറ്റിൽ മയാമി താരം സാന്റിയാഗോ മൊറാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ 98-ാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് കൊളംബസ് ഗോൾ നേടി. ജമാൽ തിയാരെയാണ് ലക്ഷ്യം കണ്ടത്. അതോടെ കൊളംബസ് 2-1 ന് ജയിച്ചു.