
മലപ്പുറം: പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം എഫ്.സിക്ക് വേണ്ടി അനസ് കളത്തിലിറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കൂടിയായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ബുട്ടഴിക്കാനുള്ള സമയമായി, പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറയുന്നു... മലപ്പുറത്തെ സ്റ്റേഡിയത്തിൽ നിന്ന് രാജ്യത്തിന്റെ വിവിധ സ്റ്റേഡിയങ്ങളിലേക്ക്, സ്വപ്നം യാഥാർത്ഥ്യമാക്കിയ സഞ്ചാരം. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ തുടങ്ങിയത്. അടങ്ങാത്ത പ്രതീക്ഷയും കളിയോടുള്ള അമിതമായ സ്നേഹവും മാത്രമായിരുന്നു. ഇന്ന് ഞാൻ അനുഗ്രഹീതനാണ്, മലപ്പുറത്തിന്റെ മണ്ണിൽ വെച്ച തന്നെ ഞാൻ ഈ അധ്യായം അവസാനിപ്പിക്കുന്നു.
വെല്ലുവിളികളും അമൂല്യമായ പാഠങ്ങളും ജയങ്ങളും നിറഞ്ഞ യാത്രയാണ് എന്നെ ഞാനായി പാകപ്പെടുത്തിയത്. എന്റെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്ന എന്റെ കുടുംബം, കോച്ചുമാർ, ടീം അംഗങ്ങൾ, അവശ്യഘട്ടങ്ങളിൽ എന്നെ ഉയർത്തിക്കൊണ്ടു വന്ന എന്റെ ആരാധകർ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. എനിക്ക് കിട്ടാവുന്നതിലേറെ ഫുട്ബോൾ എനിക്ക് തന്നു. ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും - അനസ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
2017-ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിന് വേണ്ടി 21 മത്സരങ്ങൾക്കായി ബൂട്ടണിഞ്ഞു. 2007ൽ മുംബൈ ടീമിനായി ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചായിരുന്നു അനസ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നു വന്നത്. 2011 വരെ മുംബൈക്കൊപ്പം ഐ ലീഗ് കളിച്ച താരം 2011 മുതൽ 2015 വരെ പൂണെയ്ക്ക് വേണ്ടി കളത്തിലിറങ്ങി. ഐ ലീഗിൽ മികച്ച പ്രതിരോധ താരത്തിനുള്ള അവാർഡും സ്വന്തമാക്കി.
ഐ ലീഗിലെ മികച്ച പ്രകടനമാണ് അനസിനെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിച്ചത്. ഡൽഹി ഡൈനാമോസിന് വേണ്ടി 2015-ൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മോഹൻ ബഗാൻ, ജംഷഡ്പുർ, കേരളാ ബ്ലാസ്റ്റേഴ്സ്, എ.ടി.കെ. തുടങ്ങിയ ടീമുകൾക്കായി കളിച്ചു. ശേഷം ഗോകുലം കേരള എഫ്.സിയിൽ തിരിച്ചെത്തി. കേരളത്തിൽ പുതിയ ഫുട്ബോൾ പരീക്ഷണമായ സൂപ്പർ ലീഗ് കേരള തിരിച്ചെത്തിയപ്പോൾ മലപ്പുറം എഫ്.സിയുടെ നായകനായി.
അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്.
2019-ൽ ട്രൈനേഷൻസും 2018-ൽ ഇന്റർ കോണ്ടിനെന്റൽ കപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
Content Highlights: Indian Football Veteran Anas Edathodika Retires from Football
Published: 02 Nov 2024, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented