
ഖത്തര്‍ ദേശീയ ടീമിലെ 20-കാരന്‍ ഡിഫന്‍ഡറാണ് അല്‍ ഹാഷ്മി അല്‍ ഹുസൈന്‍ മൊഹി അല്‍ദിന്‍. ഇനി അങ്ങോട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത പേര്. കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെയോ മികച്ചൊരു ഗോളിന്റെയോ പേരിലല്ല അല്‍ദിന്‍ അറിയപ്പെടാന്‍ പോകുന്നത്. മറിച്ച് ഇന്ത്യന്‍ ഫുട്‌ബോളിനോട് ചെയ്ത കൊടും ചതിയുടെ പേരിലാണ്. ഒരുപക്ഷേ വരും ദിവസങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണമാകാം ഈ യുവതാരത്തെ കാത്തിരിക്കുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്‌ക്കെതിരേ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഖത്തര്‍ മൂന്നാം റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ യുവനിരയ്ക്ക് അവസരം നല്‍കിയാണ് കോച്ച് ടിന്‍ടിന്‍ മാര്‍ക്വെസ് ടീമിനെ ഇറക്കിയത്. മുന്നേറാന്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ തുടക്കംതൊട്ട് തകര്‍ത്തുകളിച്ചു. കളിയുടെ ആദ്യ 25 മിനിറ്റോളം ഇന്ത്യയുടെ ആക്രമണങ്ങളില്‍ ഖത്തര്‍ വിറച്ചു. പക്ഷേ ഇതിനിടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ മന്‍വീര്‍ അടക്കമുള്ളവര്‍ പാഴാക്കുന്ന കാഴ്ചയും കണ്ടു. എന്നാല്‍ 37-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്‍കിയ മികച്ചൊരു പാസ് ലാലിയന്‍സുവാല ചാങ്‌തെ വലയിലെത്തിച്ചതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആഘോഷം. ഗോളി ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ മൂന്നാം റൗണ്ട് സ്വപ്‌നം കണ്ടുതുടങ്ങി.
എന്നാല്‍ അവിടെ നിന്നാണ് അക്ഷരാര്‍ഥത്തില്‍ ഒരു ചതിയിലൂടെ ഖത്തര്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടിയത്. 73-ാം മിനിറ്റില്‍ അബ്ദുള്ള അല്‍ അഹ്‌റാഖ് എടുത്ത ഫ്രീ കിക്കില്‍ നിന്ന് യുസഫ് ഐമന്റെ ഹെഡര്‍ നേരേ പോയത് ഗുര്‍പ്രീതിന്റെ കൈകളിലേക്ക്. പന്ത് പിടിച്ചെടുക്കാനായില്ലെങ്കിലും അത് ഗോള്‍ലൈന്‍ കടന്ന് ഔട്ടായി. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് മനസിലാകും മുമ്പ് ഗുല്‍പ്രീതിന്റെ അടുത്തുണ്ടായിരുന്ന അല്‍ദിന്‍ പുറത്തുപോയ പന്ത് ബാക്ക്ഹീല്‍ ചെയ്ത് ഐമന് നല്‍കുന്നു, താരം അത് വലയിലാക്കുന്നു. അപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് അപകടമൊന്നും തോന്നിയില്ല. പന്ത് പുറത്തുപോയത് എല്ലാവരും കണ്ടതാണല്ലോ. എന്നാല്‍ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു ഗോള്‍ അനുവദിച്ചുള്ള ദക്ഷിണ കൊറിയന്‍ റഫറി കിം വൂ സുങ്ങിന്റെ തീരുമാനം. ഞെട്ടിപ്പോയ ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ഗുര്‍പ്രീത് നേരേ ലൈന്‍ റഫറിയുടെ അടുത്തേക്ക് ഓടി. പക്ഷേ കിം കുലുങ്ങിയില്ല. ചതിയിലൂടെ നേടിയ ആ ഗോള്‍ റഫറിയിങ്ങിലെ വലിയൊരു പിഴവിലൂടെ അനുവദിക്കപ്പെട്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ മാനസികമായി തകര്‍ന്നു. ആത്മവിശ്വാസത്തോടെ പന്തുതട്ടി ജയം ഉറപ്പിച്ചിരുന്ന അവരെ ആ ഗോള്‍ ഉലച്ചുകളഞ്ഞു. ഫലമോ കളത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ മാറി. സൈഡ് ലൈനില്‍ നിന്നുള്ള കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ ധൈര്യം പകരലിനൊന്നും ഒരു ചതിയില്‍ തളര്‍ന്നുപോയ അവരുടെ മനസിനെ ഉണര്‍ത്താന്‍ സാധിച്ചില്ല. 85-ാം മിനിറ്റില്‍ ഒരു ഗോള്‍കൂടി വഴങ്ങി ഇന്ത്യ ആ കൊടും ചതിക്കൊപ്പം തളര്‍ന്നുവീണു.
നേരത്തെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ളയാളാണ് റഫറി കിം വൂ സുങ്. ദക്ഷിണ കൊറിയയിലെ ടോപ് ഡിവിഷനായ കെ ലീഗിലെ സ്ഥിരം റഫറി. എഎഫ്‌സി കപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളിലെ പ്രധാന റഫറിയും ഇദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ ഇന്ത്യ - ഖത്തര്‍ മത്സരം കണ്ടത് റഫറീയിങ് പിഴവുകളുടെ ഘോഷയാത്ര തന്നെ. ഒടുവില്‍ തന്റെ തൊട്ടുമുന്നില്‍ നടന്ന ഇത്തരമൊരു ചതിയും അദ്ദേഹം കണ്ടില്ല. ഈ അടുത്തകാലത്തുണ്ടായ വിവിധ റഫറീയിങ് പിഴവുകളിലേക്ക് ചേര്‍ത്തുവെയ്ക്കാന്‍ ഒന്നുകൂടി. ഫലമോ 140 കോടി ജനതയുടെ അഭിമാനമുയര്‍ത്താന്‍പോന്ന ഒരു നേട്ടം അതില്‍ വാടിക്കരിഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ സ്പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായ ഗോളിനെ പിന്തുണച്ചവരാണ് നമ്മളില്‍ പലരും. അന്ന് ലൈനിന് പുറത്തുപോയെന്ന് കരുതിയ പന്ത് യഥാര്‍ഥത്തില്‍ പുറത്തായിരുന്നില്ല. ആ പന്ത് അസാധ്യ മെയ്വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിച്ചപ്പോഴും ഫുട്‌ബോള്‍ ലോകം രണ്ടു തട്ടിലായിരുന്നു. അത് ഗോളല്ലെന്ന് കളി ലൈവായി കണ്ടിരുന്നവര്‍ പോലും ആദ്യമൊന്ന് വിശ്വസിച്ചു. പിന്നാലെ അത്യന്തം നാടകീയമായി വാര്‍ പരിശോധനയില്‍ പന്ത് വര കടന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. അന്ന് അതിനെ സാധൂകരിക്കാന്‍ വാറിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഇന്ത്യയുടെ കാര്യത്തില്‍ പന്ത് ഔട്ട് ലൈനിന് പുറത്തുപോയതാണെന്ന് റീപ്ലേകളിലെല്ലാം വ്യക്തമായിരുന്നു. റഫറിയുടെ കണ്ണില്‍ മാത്രം അത് പെട്ടില്ല. രക്ഷിക്കാന്‍ വാറിന്റെ ആനുകൂല്യവും ഇന്ത്യയ്ക്കുണ്ടായില്ല.
എന്നാല്‍ പുറത്തുപോയ പന്താണ് താന്‍ എടുക്കുന്നതെന്ന് മൊഹി അല്‍ദിന്‍ എന്ന യുവതാരത്തിന് അറിയാമായിരുന്നു. എന്നിട്ടും അത്തരമൊരു ചതിയിലേക്ക് ആ താരത്തെ നയിച്ചത് എന്തായിരുന്നുവെന്നത് ദുരൂഹം. ജയിച്ചേ മതിയാകൂ എന്നതരത്തിലുള്ള മത്സരമൊന്നുമായിരുന്നില്ല ഖത്തറിനിത്. എന്നിട്ടും എന്തിനവര്‍ ഇത് ചെയ്തു. കളിക്കളത്തില്‍ മാന്യതയ്ക്ക് വലിയ വിലയുണ്ടെന്ന് ആരാണ് ആ കൗമാരക്കാരെ പറഞ്ഞുമനസിലാക്കുക.
Content Highlights: india vs qatar fifa world cup qualifier controversial goal sparks outrage
Published: 12 Jun 2024, 01:06 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented