കൊൽക്കത്ത: ഫുട്ബോളിലെ ഇതിഹാസരാജ്യമായ ബ്രസീലിനെതിരേയുള്ള ചരിത്രമത്സരത്തിന് ഇന്ത്യൻസംഘം തയ്യാറെടുത്തു തുടങ്ങി. ചൊവ്വാഴ്ച ഫുട്ബോൾ ഫെഡറേഷന്റെ കൊൽക്കത്ത ന്യൂ ടൗണിലുള്ള സെൻറർ ഓഫ് എക്സലൻസിലായിരുന്നു പരിശീലനം.

To advertise here,

വാം അപ്പും പാസിങ്‌ പരിശീലനവും കഴിഞ്ഞ് ടീം ചെറു ഗോൾവലകൾ ഉപയോഗിച്ച് പ്രിസിഷൻ ഷൂട്ടിങ്ങും കോർണർ കിക്കുകളും പരിശീലിച്ചു. കോച്ച് ഖാലിദ് ജമീലും സഹപരിശീലകരും നിർദേശങ്ങൾ നൽകി. ബാറിനുകീഴിൽ ഏറെ പരീക്ഷിക്കപ്പെടാനിടയുള്ള ഗോളി ഗുർപ്രീത് സന്ധുവും മറ്റു ഗോൾ കീപ്പർമാരും ഊർജിതമായ പരിശീലനത്തിലേർപ്പെട്ടു. ഒക്ടോബർ മൂന്നിനാണ് ഇന്ത്യ-ബ്രസീൽ മത്സരം.

ക്രിക്കറ്റിൽ കപിൽ സൃഷ്ടിച്ച വിപ്ളവം ഫുട്ബോളിലും വേണം-ജയ് ഗുപ്‌ത

ക്രിക്കറ്റിൽ ഇന്ത്യയെ ലോകശക്തിയാക്കി കപിൽദേവ് സൃഷ്ടിച്ചതുപോലൊരു വിപ്ളവകരമായ മുന്നേറ്റമാണ് ഇന്ത്യൻ ഫുട്ബോളിലും വേണ്ടതെന്നും ബ്രസീലിനെതിരേ ഇറങ്ങുമ്പോൾ അത്തരം സ്വപ്നമാണുള്ളതെന്നും ഇന്ത്യൻ താരം ജയ് ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘‘ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരവസരമായി ഇതിനെ കാണുന്നു. എല്ലാ കളിക്കാരും ആവേശത്തിലാണ്. നമ്മൾ കണ്ടുവളർന്ന ഒരു ടീമിനെതിരേ കളിക്കാൻ ആകാംക്ഷയാണ് എല്ലാവർക്കും -ജയ് പറഞ്ഞു. പാനമയ്ക്കെതിരായ മത്സരം ഏറെ ആത്മവിശ്വാസം തരുന്നുണ്ട്. കോച്ചിന്റെ പദ്ധതികളെല്ലാം കളത്തിൽ നടപ്പാക്കാനായി. ക്യാമ്പ് ഉണ്ടായിരുന്നതുമൂലം കളിക്കാർ തമ്മിൽ നല്ല അടുപ്പത്തിലായി.

ഞങ്ങളെസംബന്ധിച്ച് ഉയർച്ചയിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഈ മത്സരം. ലോകനിലവാരത്തിലുള്ള ടീമുമായി കളിക്കുമ്പോൾ നമ്മൾ ആ നിലവാരത്തിലെത്താൻ എത്ര ദൂരമുണ്ട് എന്ന് പഠിക്കാനുള്ള വലിയ അവസരവും -ജയ് കൂട്ടിച്ചേർത്തു.

ബ്രസീലിനെതിരേ ഗോളടിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ഞങ്ങളുടെ ലക്ഷ്യം അതാണെന്ന് ജയ് മറുപടിനൽകി.

അത് എത്രയും നേരത്തേ സംഭവിച്ചാൽ അത്രയും ഗുണമാവും -ജയ് പറഞ്ഞു.