ലോക ഫുട്ബോളിലെ വൻശക്തികളായ ബ്രസീൽ ടീം ആദ്യമായി ഇന്ത്യൻ മണ്ണിൽ ഒരു ഔദ്യോഗിക മത്സരത്തിനിറങ്ങാൻ പോവുകയാണ്. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഒക്ടോബർ 3-ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നേരിടും.

To advertise here,

ഈ പശ്ചാത്തലത്തിൽ, ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയ ബ്രസീൽ ടീമിന് ലഭിച്ച സ്വീകരണം എന്ന തരത്തിലാണിത്. "Welcome to India Brazil Football team" എന്ന അടിക്കുറിപ്പോടെയാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്നു കണ്ടെത്തി.

 

അന്വേഷണം

ബ്രസീൽ പുരുഷ സീനിയർ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയിലേക്ക് മത്സരത്തിനായെത്തുന്ന ചരിത്ര നിമിഷമായതിനാൽ തന്നെ വാർത്താ മാധ്യമങ്ങളെല്ലാം അത് റിപ്പോർട്ട് ചെയ്യും. എന്നാൽ, അവരുടെ വരവും സ്വീകരണവും സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും തന്നെ കാണാനാകില്ല. കാരണം ബ്രസീൽ ടീം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല എന്നതാണ് വസ്തുത. ഒക്ടോബർ 1-നാണ് അവർ കൊൽക്കത്തയിൽ വന്നിറങ്ങുന്നത്. പ്രചരിക്കുന്ന വീഡിയോയിലെ അവകാശവാദം തെറ്റാണെന്ന് ഇതിൽനിന്നു വ്യക്തമാണ്.

വൈറൽ ദൃശ്യങ്ങളെക്കുറിച്ചാണ് തുടർന്ന് അന്വേഷിച്ചത്. കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, സെപ്റ്റംബർ 24-ന് ഒരു ബ്രസീലിയൻ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. ഇതിന്റെ 6-ാം മിനിറ്റിൽ ഒരു സ്വീകരണ ചടങ്ങ് കാണാം. ഓസ്ട്രേലിയയിലെ ആദിമനിവാസികളായ അബോറിജിൻ വിഭാഗക്കാർ ബ്രസീലിയൻ ടീമിനായി സംഘടിപ്പിച്ച പരമ്പരാഗത സ്വാഗത ചടങ്ങാണിത് എന്നാണ് വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 29-ന് ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ ബ്രസീൽ ടീം എത്തിയപ്പോഴായിരുന്നു ഇത്.

പ്രചരിക്കുന്ന അതേ ദൃശ്യങ്ങൾ തന്നെയാണ് ഈ വീഡിയോയിലും ഉള്ളതെന്നു വ്യക്തമായി. വൈറൽ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നു സ്ഥിരീകരിച്ചു.

വാസ്തവം

ഇത് വ്യാജപ്രചരണമാണ്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ അബോറിജിൻ വംശജർ ബ്രസീൽ ഫുട്ബോൾ ടീമിന് നൽകിയ സ്വീകരണത്തിന്റെ ദൃശ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.