ടൊറന്റോ: പോർച്ചുഗലിനെതിരേ അവസാന നിമിഷം ക്രൊയേഷ്യ നേടിയ സമനില ഗോൾ റദ്ദാക്കിയതിനു പിന്നിൽ ചെറിയ സ്പർശം ഉണ്ടായിരുന്നെന്ന് അംഗീകരിച്ച് ക്രൊയേഷ്യയുടെ ഇഗോർ മറ്റനോവിച്ച്. അധികസമയത്തെ 13-ാം മിനിറ്റിൽ നേടിയ ഈ ഗോൾ വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. പിന്നാലെ ഇതേച്ചൊല്ലി വലിയ വാഗ്വാദങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മറ്റനോവിച്ചിന്റെ പ്രതികരണം.

To advertise here,

'സത്യം പറഞ്ഞാൽ, മുടിയിൽ ചെറുതായി സ്പർശിച്ചതായി തോന്നിയിരുന്നു. എന്നാൽ നൂറുശതമാനം ഉറപ്പില്ലാത്തതിനാൽ ഇതേക്കുറിച്ച് റഫറിയോട് ചോദിച്ചു. പന്തിനുള്ളിലെ ചിപ്പ് വഴി സ്പർശനം കണ്ടെത്തിയെന്നും അതിനാൽ ഓഫ് സൈഡാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംപകുതിയിൽ നന്നായി കളിച്ചിട്ടും ദൗർഭാഗ്യം പിടികൂടി' - പോർച്ചുഗീസ് മാധ്യമത്തോട് സംസാരിക്കവേ മറ്റനോവിച്ച് പറഞ്ഞു.

കളിയുടെ ഇഞ്ചുറി ടൈമിന്റെ 13-ാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോൾ ബോക്സിലേക്ക് ഉയർത്തിനൽകിയ നൽകിയ പന്താണ് പിന്നാലെ ഓഫ്സൈഡാണെന്ന് കണ്ടെത്തി റഫറി ഗോൾ നിഷേധിച്ചത്. വാർ പരിശോധനയിൽ പന്ത് മറ്റനോവിച്ചിന്റെ തലമുടിയിൽ തട്ടിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം. ഇതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയ പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

ഗ്വാർഡിയോൾ പോർച്ചുഗീസ് ബോക്‌സിലേക്ക് ഉയർത്തിവിട്ട പന്തിൽനിന്നായിരുന്നു ആ ഗോൾ. കാഴ്ചയിൽ ഈ പന്ത് പോർച്ചുഗീസ് താരം റെനാറ്റോ വെയ്ഗയുടെ തലയിൽ തട്ടി മരിയോ പസാലിച്ചിന് ലഭിക്കുന്നു. പസാലിച്ച് അത് വലയിലേക്ക് തിരിച്ചുവിടുന്നു. എന്നാൽ ഇതിനിടെ ക്രൊയേഷ്യയുടെ ഇഗോർ മറ്റനോവിച്ച് ഈ പന്തിൽ ഗോളിലേക്കുള്ള ശ്രമം നടത്തുന്നുണ്ട്. വാർ പരിശോധിച്ചപ്പോഴാണ് മറ്റനോവിച്ചിന്റെ മുടിയിൽ വളരെ നേരിയ തോതിൽ സ്പർശിച്ചതായി സ്‌നിക്കോമീറ്റർ കാണിച്ചത്. പിന്നീട് പന്ത് റെനാറ്റോ വെയ്ഗയുടെ തലയിൽ തട്ടുന്നുണ്ടെങ്കിലും, പന്ത് ക്ലിയർ ചെയ്യാനുള്ള മനഃപൂർവമായ ശ്രമം വെയ്ഗ നടത്തിയിരുന്നില്ല എന്നതിനാൽ അത് ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

നിയമപ്രകാരം പ്രതിരോധ താരം മനഃപൂർവം പന്ത് നിയന്ത്രിക്കാനോ പാസ് ചെയ്യാനോ ശ്രമിക്കുമ്പോഴാണ് ഓഫ്സൈഡ് ഇല്ലാതാകുന്നത്. എന്നാൽ ഡിഫൻഡറുടെ ശരീരത്തിൽ തട്ടി പന്ത് അബദ്ധത്തിൽ റീബൗണ്ട് ചെയ്യുകയോ വഴിമാറിപ്പോവുകയോ ചെയ്താൽ ഓഫ്സൈഡ് നിലനിൽക്കുകയും ഗോൾ അനുവദിക്കാതിരിക്കുകയും ചെയ്യും. അതാണിവിടെ സംഭവിച്ചത്.

അഡിഡാസിന്റെ 'ട്രിയോണ്ട' പന്തിനുള്ളിൽ ഘടിപ്പിച്ച ചിപ്പ് സാങ്കേതികവിദ്യയാണ് ഓഫ്സൈഡ് തീരുമാനിക്കുന്നതിൽ നിർണായകമായത്. പന്തിനുള്ളിലെ ഐ.എം.യു സെൻസറുകൾക്ക് പന്തിൽ സംഭവിക്കുന്ന ഏറ്റവും ചെറിയ സ്പർശനംപോലും തിരിച്ചറിയാൻ സാധിക്കും. ക്രിക്കറ്റിൽ ഉപയോഗിക്കുന്ന സ്‌നിക്കോ മീറ്റർ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.