കോഴിക്കോട്: ഗോകുലം കേരള എഫ്.സി. പുരുഷടീമിന്റെ പരിശീലകനായി ടോവ റിച്ചാര്‍ഡ് സ്ഥാനമേറ്റു. മുന്‍ കാമറൂണ്‍ ദേശീയ താരവും കാമറൂണ്‍ യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനുമാണ് റിച്ചാര്‍ഡ്.

To advertise here,

ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ ഗോകുലം കണ്ടെത്തിയത്. ഹെഡ് മാസ്റ്റര്‍ എന്ന തലക്കെട്ടോടെയാണ് 52 കാരനായ റിച്ചാര്‍ഡിനെ ഗോകുലം സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.

ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിച്ച റിച്ചാര്‍ഡ്, ജര്‍മന്‍ പൗരത്വം സ്വീകരിച്ചതിനു ശേഷം ജര്‍മനിയില്‍ നിന്നുമാണ് പ്രൊ ലൈസന്‍സ് നേടിയിട്ടുള്ളത്. ജര്‍മനിയില്‍ വിവിധ യൂത്ത് ടീമുകളില്‍ സേവനം അനുഷ്ഠിച്ച റിച്ചാര്‍ഡ്, കാമറൂണ്‍ അണ്ടര്‍ 17, അണ്ടര്‍  23 ടീമുകളുടെ മുഖ്യ പരിശീലകന്‍ ആയിരുന്നു. 

കാമറൂണ്‍ പുരുഷ വനിതാ ടീമുകളുടെ പരിശീലക വിഭാഗത്തിലും കാമറൂണ്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബുകളിലും റിച്ചാര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

'ഗോകുലത്തില്‍ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങള്‍ നേടുകയാണ് ലക്ഷ്യം'-റിച്ചാര്‍ഡ്  പറഞ്ഞു. 

പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും റിച്ചാര്‍ഡ് പ്രഗത്ഭനാണെന്നും പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി കിരീടങ്ങള്‍ സ്വന്തമാക്കാന്‍ റിച്ചാര്‍ഡിന്റെ തന്ത്രങ്ങള്‍ക്ക് സാധിക്കുമെന്നും ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി സി പ്രവീണ്‍ പറഞ്ഞു.