വാഷിങ്ടൺ: ബ്രസീൽ ആരാധകർ ഓർത്തിരിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത 2014-ലെ ആ പഴയ ഓർമകൾ ജർമനി കുറാസോയുമായുള്ള മത്സരത്തിലൂടെ വീണ്ടും പൊടിതട്ടിയെടുത്തു. കുറാസോയെ 7-1 എന്ന തകർപ്പൻ സ്‌കോറിന് തോൽപ്പിച്ച് ലോകകപ്പിൽ ശക്തമായ വരവറിയിച്ചിരിക്കുകയാണ് ജർമനി. ടൂർണമെന്റിലെ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ മാർജിനിലുള്ള വിജയമാണിത്.

To advertise here,

റിസൽട്ട് കണ്ടപ്പോൾത്തന്നെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 2014 ലോകകപ്പ് സെമി ഫൈനൽ മത്സരമാണ് എല്ലാവരുടേയും ഓർമയിലേക്ക് ഓടിയെത്തിയത്. ബ്രസീലിലായിരുന്നു അന്ന് ലോകകപ്പ് നടന്നത്. ബെലോ ഹൊറിസോണ്ടെയിലെ ആ കറുത്ത രാത്രിയിൽ, സ്വന്തം മണ്ണിൽവെച്ച് ബ്രസീൽ എന്ന ആതിഥേയ രാജ്യം 7-1 ന് ദയനീയമായി തകർന്നടിഞ്ഞ് കൃത്യം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, ഫുട്‌ബോൾ ചരിത്രം വീണ്ടും ആവർത്തിക്കുകയാണെന്ന് തോന്നിപ്പിച്ചു.

രാത്രി ഉറക്കമിളച്ച് കളികണ്ട ബ്രസീൽ ആരാധകർക്ക്, ഒരു പതിറ്റാണ്ട് പഴക്കമുള്ള തങ്ങളുടെ കറുത്ത ഓർമകളിലേക്ക് വീണ്ടും ഉണരേണ്ടിവന്നതുപോലെ തോന്നിയിരിക്കണം. കിട്ടിയത് കുറാസോയ്ക്കാണെങ്കിലും കൊണ്ടത് ബ്രസീലിനാണെന്ന തരത്തിലാണ് വാർത്തകളുടെ കമന്റുകൾ. കുറാസോ ആരാധകനോട് നീ വിട്ടോ, ഇത് എനിക്കുള്ള പണിയാണെന്ന് പറയുന്ന ട്രോളുമുണ്ട്.

അന്ന് ജർമൻ നിരയിലെ ഗോളടിച്ചവരിൽ ഒരാൾപോലും ഇന്ന് ഈ 2026-ലെ ടീമിൽ കളിക്കുന്നില്ല. ആളും ആരവങ്ങളും ടീമുമെല്ലാം മാറിയെങ്കിലും സ്‌കോർബോർഡ് മാത്രം 2014 പോലെ തുടർന്നു. അന്ന് ഇരട്ട ഗോളുകൾ നേടിയ ടോണി ക്രൂസും ആന്ദ്രേ ഷുർലെയും, ഓരോ ഗോൾ വീതം നേടിയ തോമസ് മുള്ളറും, സാമി ഖെദീരയും, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മിറോസ്ലാവ് ക്ലോസെയും ഇന്ന് ഫുട്‌ബോൾ മൈതാനങ്ങളോട് വിടപറഞ്ഞു കഴിഞ്ഞു. എന്നാൽ അന്ന് ജർമനിയുടെ ഗോൾവല കാത്ത ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയർ ഇപ്പോഴും വലകാത്ത് അവിടെത്തന്നെയുണ്ട്. നോയർ ഒഴികെ അന്നത്തെ ആ ചരിത്ര വിജയത്തിൽ പങ്കാളികളായ മറ്റാരും തന്നെ ഇന്ന് ജർമൻ കുപ്പായത്തിൽ കളത്തിലില്ല.

മത്സരഫലം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കുറാസോയ്ക്ക് വലിയ നിരാശ നൽകിയേക്കാമെങ്കിലും തലയുയർത്തിപ്പിടിച്ചുതന്നെയാണ് അവർ കളംവിട്ടത്. കാരണം ഫുട്‌ബോളിലെ ഒരു വൻ ശക്തിക്കെതതിരേ ലോകകപ്പ് സ്‌കോർഷീറ്റിൽ തങ്ങളുടെ പേര് കൂട്ടിച്ചേർക്കാൻ അവർക്കായി. മത്സരത്തിന്റെ 21-ാം മിനിറ്റിൽ കുറാസോ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ആ അദ്ഭുതം സംഭവിച്ചത്.

ലിബാനോ കൊമെനെൻസിയ ഉതിർത്ത ഒരു ഷോട്ട് ജർമൻ ഡിഫൻഡറുടെ ദേഹത്ത് തട്ടി ദിശമാറി ഗോൾക്കീപ്പർ മാനുവൽ നോയറെയും മറികടന്ന് വലയിൽ കയറി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ കുറാസോ നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്. ഇതോടെ സ്‌കോർ 1-1 എന്ന നിലയിലാവുകയും, ആ കൊച്ചു ദ്വീപ് രാഷ്ട്രം ഒന്നടങ്കം വന്യമായ ആഘോഷത്തിലേക്ക് ആഴ്ന്നുപോവുകയും ചെയ്തു. ലോകകപ്പിൽ മത്സരിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ജർമനിക്കെതിരേ ഈ ഗോൾ നേടിയതെന്നോർക്കണം.

പക്ഷേ, നിമിഷങ്ങൾക്കകം ജർമനി കളി മാറ്റിപ്പിടിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ നികോ ഷ്‌ലോട്ടർബെക്ക് ഒരു ഹെഡ്ഡറിലൂടെ ജർമനിയെ വീണ്ടും മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കായ് ഹാവെർട്‌സ് സ്‌കോർ 3-1 ആക്കി. രണ്ടാംപകുതിയിൽ നിഷ്‌കരുണമായിരുന്നു ജർമനിയുടെ ആക്രമണം. ജമാൽ മുസിയാള, നഥാനിയേൽ ബ്രൗൺ, ഡെനിസ് ഉൻഡാഫ് എന്നിവർ സ്‌കോർ ചെയ്തപ്പോൾ ഹാവെർട്‌സ് ഒരുഗോൾ കൂടി നേടി മത്സരത്തിലെ വ്യക്തിഗത നേട്ടം ഇരട്ടിയാക്കി.