ലണ്ടന്‍: ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫ്രാങ്ക് ലാംപാര്‍ഡ് വീണ്ടും തന്റെ പഴയ ക്ലബ്ബില്‍. കളിക്കാരനായി ക്ലബ്ബിനുവേണ്ടി തിളങ്ങിയ ലാംപാര്‍ഡ് ഇത്തവണ പരിശീലകനായാണ് ചെല്‍സിയിലെത്തുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതുവരെ ലാംപാര്‍ഡ് ചെല്‍സിയുടെ കെയര്‍ ടേക്കര്‍ മാനേജരാകും. 

To advertise here,

ഈ സീസണ്‍ അവസാനിക്കും വരെ ലാംപാര്‍ഡ് ടീമിനെ പരിശീലിപ്പിക്കും. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ ഗ്രഹാം പോട്ടറെ ഈയിടെ ചെല്‍സി പുറത്താക്കിയിരുന്നു. പ്രതിഭാധനരായ നിരവധി താരങ്ങള്‍ നിലവില്‍ ചെല്‍സിയ്ക്ക് വേണ്ടി പന്തുതട്ടുന്നുണ്ട്. ഈയിടെ അവസാനിച്ച ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബ്ബും ചെല്‍സിയാണ്. 

ഇതിനുമുന്‍പും ലാംപാര്‍ഡ് ടീമിന്റെ പരിശീലകനായിട്ടുണ്ട്. 19 മാസം ടീമിനെ പരിശീലിപ്പിച്ച ലാംപാര്‍ഡിനെ 2021 ജനുവരിയില്‍ പുറത്താക്കുകയായിരുന്നു. ചെല്‍സിയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡ് ഇപ്പോഴും ലാംപാര്‍ഡിന്റെ പേരിലാണുള്ളത്. 

ലാംപാര്‍ഡിനെ വീണ്ടും ടീമിലെത്തിച്ചതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ടീമിന്റെ ഉടമകളായ ടോഡ് ബോഹ്‌ലിയും ബെഹദ് എഗ്ബാലിയും അറിയിച്ചു.