കിലിയൻ എംബാപ്പെ പടനയിച്ചു, ഡെംബെലെയും ഒലീസെയും ബാർക്കോളയും ഒപ്പം ചേർന്നു… സ്വീഡൻ തകർന്നടിഞ്ഞു. ലോകകപ്പിൽ ഇങ്ങനെയൊരു ആക്രമണഫുട്ബോൾ മറ്റേതെങ്കിലും ടീം കാഴ്ചവെച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്. മത്സരം ആരംഭിച്ചതുമുതൽ തീതുപ്പിക്കൊണ്ടിരുന്ന ഒരു ടാങ്കർ പോലെയായിരുന്നു ഫ്രഞ്ച് പട. ഒന്നിന് പിറേക ഒന്നായി മുന്നേറ്റങ്ങൾ. ചിലത് വിങ്ങുകളിലൂടെ, മറ്റുചിലത് കൗണ്ടർ അറ്റാക്കുകളിലൂടെ....ആ മുന്നേറ്റങ്ങൾക്ക് എങ്ങനെ തടയിടാനാകുമെന്ന് സംശയിച്ച് സ്വീഡൻ ഡിഫൻഡർമാർ അങ്കലാപ്പിലായി. മൂന്നുഗോൾ മാത്രമേ വഴങ്ങിയുള്ളൂ എന്ന് സ്വീഡന് ആശ്വസിക്കാം. എംബാപ്പെയും സംഘവും പ്രീ-ക്വാർട്ടറിലേക്ക്.
മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളിൽ താളം കണ്ടെത്താൻ ഫ്രഞ്ച് പട ബുദ്ധിമുട്ടി. അത് മുതലെടുത്ത് സ്വീഡൻ മുന്നേറ്റങ്ങളും നടത്തി. ആദ്യ 15 മിനിറ്റ് മാത്രമേ അതുണ്ടായുള്ളൂ. പിന്നീടങ്ങോട്ട് കണ്ടത് മറ്റൊരു ഫ്രാൻസിനെ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര തങ്ങളുടേതാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ഫ്രാൻസിന്റേത്. എംബാപ്പെയും ഡെംബെലെയും ഒല്ലിസെയും സ്വീഡൻ ബോക്‌സിലേക്ക് കയറിയിറങ്ങി. 20-ാം മിനിറ്റിൽ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതോടെ ഗോൾ നിഷേധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഷോട്ടുകളുടെ നിര തന്നെ സ്വീഡൻ ഗോൾമുഖം വിറപ്പിച്ചു. ഫ്രഞ്ച് മുന്നേറ്റത്തെ തടയാൻ സ്വീഡൻ നന്നായി ബുദ്ധിമുട്ടി.
31-ാം മിനിറ്റിൽ ബോക്സിൽ നിന്ന് എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ഗോളെന്ന് ഉറപ്പിച്ച ഷോട്ട് അവിശ്വസനീയമാംവിധമാണ് അകന്നുപോയത്. അവിടെ തീർന്നില്ല, 35-ാം മിനിറ്റിൽ ഒലീസെയുടെ ബൈസിക്കിൾ കിക്ക് പോസ്റ്റിൽ ഇടിച്ചു മടങ്ങി. റീബൗണ്ട് വന്ന പന്ത് ഡെംബലെ ഷോട്ടുതിർത്തെങ്കിലും പോസ്റ്റിന് പുറത്തേക്ക് പോയി. ഒലീസെയും എംബാപ്പെയും ആദ്യപകുതിയുടെ അവസാനം നിറഞ്ഞുകളിച്ചു. സ്വീഡൻ ഗോളിയുടെ തകർപ്പൻ സേവുകളാണ് ഗോൾ നിഷേധിച്ചത്.
എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ എംബാപ്പെ വലകുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ ബാക്കിനിൽക്കേയാണ് ഗോൾ. കോർണറിൽ നിന്ന് ആരംഭിച്ച ഫ്രഞ്ച് മുന്നേറ്റത്തിനൊടുക്കം ഇടതുവിങ്ങിൽ നിന്ന് സ്വീഡൻ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞാണ് എംബാപ്പെ ഗോളടിച്ചത്. അതോടെ താരം റെക്കോഡും കുറിച്ചു. ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ മാറി. നോക്കൗട്ട് റൗണ്ടുകളിൽ എംബാപ്പെ നേടുന്ന ഒൻപതാമത്തെ ഗോളാണിത്. എട്ടുഗോളുകൾ നേടിയ മുൻ ബ്രസീലിയൻ താരങ്ങളായ റൊണാൾഡോ, ലിയോനിഡാസ് എന്നിവരെയാണ് മറികടന്നത്.
ആദ്യ പകുതി 1-0 ന് ഫ്രാൻസ് മുന്നിട്ടുനിന്നു. ഒരു ഗോൾ മാത്രമാണ് നേടാനായതെങ്കിലും കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നു. 62 % ബോൾ പൊസിഷനും പതിനഞ്ചോളം ഗോൾ ശ്രമങ്ങളുമാണ് ആദ്യപകുതിയിൽ മാത്രം ഫ്രാൻസ് നടത്തിയത്. ലക്ഷ്യത്തിലേക്ക് പായിച്ചത് ആറുഷോട്ടുകൾ. ലക്ഷ്യം തെറ്റി പോയത് എട്ടെണ്ണം. ഇതേ ഫ്രഞ്ച് ആക്രമണങ്ങളുടെ തുടർച്ചയാണ് രണ്ടാം പകുതിയിലും കണ്ടത്. അവിടെ പിടിച്ചുനിൽക്കാൻ സ്വീഡനായില്ല.
52-ാം മിനിറ്റിൽ ബ്രാഡ്ലി ബാർക്കോള രണ്ടാം ഗോൾ കണ്ടെത്തി. പിന്നെയും നിരനിരയായി മുന്നേറ്റങ്ങൾ. മൈതാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ സ്വീഡൻ കുഴങ്ങി. ഈ ലോകകപ്പിൽ ഇതുപോലൊരു ആക്രമണഫുട്ബോൾ ഒരുടീമും കാഴ്ചവെച്ചിട്ടുണ്ടാകില്ല. 64-ാം മിനിറ്റിൽ ഒലീസെയുടെ അപകടകരമായ ഒരു ലോങ് റേഞ്ചർ സ്വീഡിഷ് ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 65-ാം മിനിറ്റിൽ ഒലീസെയുടെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ എംബാപ്പെ മത്സരത്തിലെ രണ്ടാം ഗോൾ നേടി. ഒലീസെ ഡിഫൻഡർമാർക്ക് ഇടയിലൂടെ നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്. കാര്യമായി മാർക്ക് ചെയ്യപ്പെടാതിരുന്ന എംബാപ്പെ ബോക്സിലേയ്ക്ക് കയറി പോസ്റ്റിലേയ്ക്ക് പ്ലേസ് ചെയ്തു. സ്കോർ 3-0. അതോടെ ലോകകപ്പ് ഗോൾനേട്ടത്തിൽ മെസ്സിക്കൊപ്പം. ആറുഗോളുകൾ. ഇനി മെസ്സിയെയും വീഴ്ത്തുമോ എന്നാണ് ആരാധകരുടെ കാത്തിരിപ്പ്. അവസാനനിമിഷം ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ ലക്ഷ്യം കാണാതെ പോയത് സ്വീഡന് ആശ്വസിക്കാം. അല്ലെങ്കിൽ കുറഞ്ഞത് ഒരു ഏഴുഗോളിനെങ്കിലും സ്വീഡൻ തോറ്റേനെ.
Content Highlights: France defeated Sweden 3-0 in a dominant World Cup 2026 performance., Kylian Mbappe set a new record for most goals in World Cup knockout rounds (9 goals)., Bradley Barcola scored the second goal for France., France showcased superior attacking football with 62% ball possession., France officially qualified for the pre-quarterfinals.
Published: 01 Jul 2026, 05:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented