അവസാന വിസിലായിരുന്നു; മറ്റൊരർത്ഥത്തിൽ ആദ്യ വിസിലും. കളിക്കമ്പം മാത്രമല്ല, കളിയെഴുത്തും കിക്കോഫ് ചെയ്ത വിസിൽ. ഓർമ്മയിലുണ്ട് ആ ആവേശനിമിഷങ്ങളോരോന്നും. താമസിക്കുന്ന എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന്റെ കാവി മെഴുകിയ പൂമുഖത്ത് മലർന്നു കിടക്കുകയാണ് ഞാനും അനിയനും. തൊട്ടപ്പുറത്ത് ചാരുകസേരയിൽ അച്ഛൻ. മുറിക്ക് നടുവിലെ മേശപ്പുറത്ത് രാജകുമാരനെപ്പോലെ ഞങ്ങളുടെ ഫിലിപ്സ് ട്രാൻസിസ്റ്റർ.
വിഐപി ഇമേജാണ് അന്ന് വയനാട്ടിൽ റേഡിയോക്ക്. ശരിക്കും രാജകീയ പരിവേഷം. കുട്ടികൾക്കൊന്നും അവന്റെ മേൽ തൊടാനോ തലോടാനോ അവകാശമില്ല. ഞങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ, അച്ഛന്റെ ഏടത്തി തുന്നിക്കൊടുത്ത ഭംഗിയുള്ള കുപ്പായമണിഞ്ഞുകൊണ്ടാവും അവന്റെ ഇരിപ്പ്. കിളികളുടെയും പൂക്കളുടെയും ചിത്രങ്ങൾ തുന്നിപ്പിടിപ്പിച്ച മേൽവസ്ത്രത്തിനടിയിലെ നഗ്നമേനി കാണാൻ ഞങ്ങൾക്കാർക്കുമില്ല അനുമതി. പൊടിപിടിക്കുമത്രെ.
1973 ഡിസംബറിലെ ആ രാത്രി ഞങ്ങൾ തപസ്സിരുന്നത് കാതങ്ങൾക്കപ്പുറത്ത് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിന്റെ ദൃക്‌സാക്ഷി വിവരണം കേൾക്കാനാണ്. കേരളം മുഴുവൻ കാത്തിരുന്ന രോമാഞ്ചദായക പോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാൻ.
കേൾവി അത്ര സുഖകരമല്ല അന്ന് വയനാട്ടിലെ റേഡിയോ ശ്രോതാക്കൾക്ക്. വ്യക്തത കുറഞ്ഞ ഫ്രീക്വൻസിയിൽ അലയലയായിട്ടാണ് ശബ്ദങ്ങൾ ഒഴുകിയെത്തുക. കറിക്ക് വറവിടുന്നതുപോലുള്ള കറകറ ശബ്ദത്തിന്റെ അകമ്പടിയോടെ. മത്സരം അവസാന ഘട്ടമെത്തിയപ്പോൾ അട്ടം നോക്കിയുള്ള കിടപ്പ് അവസാനിപ്പിച്ച് ഞാനും അനിയനും റേഡിയോ മേശയോട് ചേർന്നിരുന്നു. കലാശക്കൊട്ടിന്റെ ക്ളൈമാക്സ് മിസ്സാകരുതല്ലോ.
രണ്ടിനെതിരെ മൂന്ന് ഗോളിന് മുന്നിലാണ് കേരളം. ഏതു നിമിഷവും കളിക്ക് കർട്ടൻ വീഴാം. കേരളം ചരിത്രത്തിലാദ്യമായി ട്രോഫി നേടാം.
റയിൽവേസിന്റെ ചിന്നറെഡ്ഢി പന്തുമായി കേരളത്തിന്റെ ബോക്സിലേക്ക് നുഴഞ്ഞുകയറി വന്നത് അപ്പോഴാണ്. ഗോളി രവി അൽപ്പം സ്ഥാനം തെറ്റി നിൽക്കുന്നു. പ്രതിരോധം ആകെ ഛിന്നഭിന്നം. കമന്റേറ്റർ ഡി അരവിന്ദൻ അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു: "എന്തും സംഭവിക്കാം. ഒരു ഗോൾ മണക്കുന്നുണ്ട്. സ്റ്റേഡിയം മുഴുവൻ വീർപ്പടക്കി നോക്കിയിരിക്കുകയാണ്...''
ഇടക്ക് കറകറശബ്ദം ഇടപെടുന്നു. ഒന്നും കേൾക്കാനില്ല. ആകെയൊരു ബഹളം. അരവിന്ദൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ലെന്ന് മാത്രം. എന്തു സംഭവിച്ചു എന്നറിഞ്ഞേ പറ്റൂ. അച്ഛന്റെ കർക്കശനോട്ടം അവഗണിച്ച് ഞങ്ങൾ പൊടുന്നനെ ചാടിയെഴുന്നേൽക്കുന്നു. കുഞ്ഞു കാതുകൾ റേഡിയോയുടെ സ്പീക്കറിനോട് ചേർത്തുവെക്കുന്നു. ആകെ കേൾക്കാവുന്നത് മഴയുടെ മർമ്മരം പോലുള്ള ഒരൊച്ച മാത്രം.
പക്ഷേ നിമിഷങ്ങൾക്കകം കേട്ടു, ആ ശബ്ദഘോഷത്തിനിടയിലൂടെ അരവിന്ദന്റെ അലർച്ച: "ജയിച്ചു, നമ്മൾ ജയിച്ചു....''
ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം ചരിത്രവിജയമുറപ്പിച്ച അനർഘ നിമിഷം. കിരീടം നേടിത്തന്ന ആ സുവർണ്ണനിരയുടെ ഭാഗമായിരുന്ന ഒരാൾ കൂടി നടന്നു മറയുന്നു: ഡിഫൻഡർ പി. പൗലോസ്. ടി.കെ.എസ് മണി നയിച്ച ടീമിൽ നിന്ന് യാത്രയാകുന്ന പതിമൂന്നാമത്തെ കളിക്കാരൻ.
ആദ്യം ഓർമ്മയായത് പെരുമാളാണ്. പിന്നാലെ ക്യാപ്റ്റൻ മണി, രത്നാകരൻ, കെ വി ഉസ്മാൻകോയ, ജോൺ സി ജോൺ, എം ആർ ജോസഫ്, എം ഒ ജോസ്, ചേക്കു, ടി എ ജാഫർ, ദേവാനന്ദ്, ടൈറ്റസ് കുര്യൻ, നജീമുദ്ദീൻ... ഇപ്പോഴിതാ പൗലോസും.
ഇരുപത്താറ് പേരടങ്ങിയ ആ ടീമിലെ ഇളംപ്രായക്കാരിൽ ഒരാളായിരുന്നു പൗലോസ്. പരിചയസമ്പത്തും പ്രതിഭയും ഒത്തിണങ്ങിയ കളിക്കാരുടെ ധാരാളിത്തത്തിനിടയിൽ കൊച്ചിയിൽ ബൂട്ടണിയാൻ അവസരം ലഭിച്ചില്ലെങ്കിലും പിന്നീട് ഏഴു വർഷം കൂടി സന്തോഷ് ട്രോഫിയിൽ സംസ്ഥാനത്തിന്റെ കുപ്പായമണിഞ്ഞു പൗലോസ്. 1978 ലെ ശ്രീനഗർ നാഷണൽസിൽ കേരളത്തെ നയിച്ചു. 1971 ലെ അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്‍ബോളിൽ കാലിക്കറ്റിന്റെ വിജയശില്പികളിൽ ഒരാളായിട്ടായിരുന്നു പൗലോസിന്റെ തുടക്കം. അടുത്ത വർഷം ജൂനിയർ നാഷണൽസിലും കേരളത്തിന്റെ കിരീട വിജയത്തിന്റെ ഭാഗമായി.
കളിക്കളത്തിൽ പ്രതിരോധമായിരുന്നു ഇഷ്ടമേഖലയെങ്കിലും സംഘാടനതലത്തിലേക്ക് മാറിയതോടെ "ഫോർവേഡ് ലൈനി"ലായി കളി. ജില്ലാ അസോസിയേഷനിലും സംസ്ഥാന അസോസിയേഷനിലും മുൻനിര പദവികൾ വഹിച്ചു. "അവസാന വിസിൽ" മുഴങ്ങും വരെ ഫുട്‍ബോളുമായുള്ള ബന്ധം കൈവിട്ടില്ല പൗലോസ്.
വീണ്ടും ആ പഴയ കൊച്ചി സായാഹ്നത്തിന്റെ ഓർമ്മകളിലേക്ക്.
വിരൽത്തുമ്പിൽ മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം വന്നു നിൽക്കുന്ന ഈ യുഗത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ തമാശ തോന്നാം. ഇത്രയൊക്കെ പുളകം കൊള്ളേണ്ടതുണ്ടോ ഒരു സാധാ ദേശീയ ടൂർണമെന്റിലെ വിജയത്തെ ചൊല്ലി? അതും അര നൂറ്റാണ്ടിനിപ്പുറം. കുറച്ച് ഓവറല്ലേ ഇതെല്ലാം ഭായീ?
ഓവർ തന്നെ. സംശയമില്ല. എങ്കിലെന്ത്? ആ അനർഘ നിമിഷങ്ങളുടെ മൂല്യമറിയണമെങ്കിൽ, അന്നനുഭവിച്ച ആവേശലഹരി ശരിക്കും ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ, ആ കാലത്തേക്ക് തിരിച്ചു പോകണം. ആ പ്രായത്തിലേക്കും.
വിശ്വസിക്കുക: സന്തോഷ് ട്രോഫി ആയിരുന്നു അന്ന് ഞങ്ങളുടെ ലോകകപ്പും യൂറോ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പുമെല്ലാം. നജീമുദ്ദീൻ ആയിരുന്നു ഞങ്ങളുടെ ഗെർഡ് മുള്ളർ; സേവ്യർ പയസ് യോഹാൻ ക്രൈഫും.
ആ സന്തോഷ് ട്രോഫി വിജയം കുറേപ്പേരെ രായ്ക്കുരാമാനം താരങ്ങളാക്കി. കേട്ടും വായിച്ചറിഞ്ഞും പത്രത്തിലെ മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളിൽ കണ്ടും മാത്രം പരിചയമുള്ള ചിലർ. എസ്റ്റേറ്റിലെ തൊഴുത്തിനോട് ചേർന്ന് ഞങ്ങൾ കുട്ടികളുടെ പതിവ് മേച്ചിൽപ്പുറമായിരുന്ന ഉണക്കപ്പുൽമൈതാനത്ത് പിറ്റേന്ന് വൈകുന്നേരം കനലിൽ വാട്ടിയ ബബ്ലിമൂസ് പന്തുമായി കളിക്കാനെത്തിയത് രവിയും, രജിയും, ജയരാജൂം, കുമാരനും, കുഞ്ഞാപ്പയും, കുഞ്ഞയമ്മദും, മൊയ്തീനും, സുബൈറും, മജീദും ഒന്നുമായിരുന്നില്ല. മണിയും നജീമുദ്ദീനും ടൈറ്റസ് കുര്യനും വില്യംസും, രത്നാകരനും, ഹമീദും, പൗലോസും സി സി ജേക്കബും ഗോളി രവിയും ആയിരുന്നു.
സന്തോഷ് ട്രോഫി മേളകൾ പിന്നേയും വന്നു; താരങ്ങളും. പക്ഷേ ആദ്യവിജയത്തിന്റെ ലഹരി ഒന്നു വേറെ.... പകരം വെക്കാനില്ലാത്ത അനുഭൂതിയായി മനസ്സിലുണ്ട് ആ സന്ധ്യ.
ആദരാഞ്ജലികൾ, പൗലോസ്....
Content Highlights: former kerala footballer p poulose life story
Published: 22 Dec 2025, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented