
കളിക്കളത്തിൽ ആ ഓർമകളുടെ സാന്നിധ്യം മതിയായിരുന്നു ടീമിന് ആത്മവീര്യം പകരാൻ. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ജഴ്സിയുമായാണ് അവർ കളത്തിലിറങ്ങിയത്.
കളിക്കിടയിൽ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ച ധനരാജിനെ മനസ്സിലേറ്റാതെ എഫ്.സി. പെരിന്തൽമണ്ണ ടീമിന് കളിക്കാനിറങ്ങാനാവില്ല. അവസാന വിസിൽമുഴങ്ങും മുമ്പ് തങ്ങളെ വിട്ടുപിരിഞ്ഞ കൂട്ടുകാരനെ ഓർക്കാൻ ബുധനാഴ്ച രാത്രിയാണ് പെരിന്തൽമണ്ണ ടീം വാണിയമ്പലത്ത് അവന്റെ ജഴ്സിയുമായി കളിക്കാനിറങ്ങിയത്.
കളിതുടങ്ങുന്നതിന് മുമ്പ് ടീം ഫോട്ടോയെടുക്കാനായി അണി നിരന്നപ്പോൾ പെരിന്തൽമണ്ണ ടീമിനൊപ്പം ജഴ്സിയുടെ രൂപത്തിൽ ധനരാജും ഉണ്ടായിരുന്നു. മരണസമയത്ത് അണിഞ്ഞിരുന്ന രണ്ടാംനമ്പർ ജഴ്സിയുടെ രൂപത്തിൽ അത് കണ്ടതോടെ കളി പ്രേമികളും ഒരുനിമിഷം നിശ്ചലമായി. പതിവായി ഫോട്ടോയ്ക്ക് നിൽക്കാറുള്ള സ്ഥാനത്തുതന്നെയാണ് ‘ധനരാജിനെ’ കളിക്കൂട്ടുകാർ കൂടെനിർത്തിയത്. വേദനിക്കുന്ന ഹൃദയത്തോടെ അവന്റെ ജഴ്സി അവർ ഫോട്ടോയ്ക്കായി ചേർത്തുപിടിച്ചപ്പോൾ ഒരുനിമിഷം മൈതാനം നിശ്ശബ്ദമായി. പെരിന്തൽമണ്ണ ടീമിന്റെയും കാണികളുടേയും കണ്ണുകൾനിറഞ്ഞു.
കളിയുടെ തുടക്കത്തിൽത്തന്നെ ധനരാജിന്റെ അഭാവം നിഴലിച്ചു. പ്രതിരോധനിരയിലെ ഉരുക്കുമനുഷ്യന്റെ അഭാവം എതിർ ടീം മുതലെടുത്തു. പ്രതിരോധ നിരയിലേക്ക് നോക്കി മുന്നേറ്റനിരയിലെ താരങ്ങൾ ധനരാജിനെ ഏട്ടാ എന്ന് പല വട്ടം അറിയാതെ വിളിച്ചുപോയി. ധനരാജ് ഇല്ലാത്ത ആദ്യ കളി പെരിന്തൽമണ്ണയ്ക്ക് കനത്ത തിരിച്ചടിയായി. നാലിനെതിരേ ഒരു ഗോളിനാണ് എതിർടീമായ സ്കൈബ്ലു എടപ്പാൾ പെരിന്തൽമണ്ണയെ തോൽപിച്ചത്. എന്നാൽ പരാജയം പ്രിയ കൂട്ടുകാരന്റെ വിടവിനേക്കാൾ വലുതായി സഹകളിക്കാർക്ക് തോന്നിയില്ല.
കൂടെനിന്ന് എന്നും ടീമിൻറെ കളി മാറ്റിയെടുത്ത കളിക്കാരനാണ് എഫ്. സി പെരിന്തൽമണ്ണയ്ക്ക് ധനരാജ്. ഞായറാഴ്ചയാണ് ധനരാജ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
Content Highlights: Footballer R Dhanarajan memories
Published: 03 Jan 2020, 07:00 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented