ന്യൂയോർക്ക്: ഇത്തവണത്തെ ലോകകപ്പ് ഫൈനലിന് പിന്നാലെ ഗ്രൗണ്ടിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. അധിക സമയത്ത് സ്‌പെയ്ൻ 1-0ത്തിന് വിജയിച്ച മത്സരത്തിൽ ഫൈനൽ വിസിലിന് ശേഷം ഇരുടീമുകൾക്കുമിടയിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. അർജന്റീനയുടെ മധ്യനിര താരം ലിയാന്ദ്രൊ പരദേസ് സ്പാനിഷ് പ്രതിരോധതാരം എറിക് ഗാർസ്യയുടെ കഴുത്തിൽ പിടിച്ചതോടെ കാര്യങ്ങൾ കൂട്ടത്തല്ലിലെത്തുകയായിരുന്നു. പരദേസിന് റഫറി ചുവപ്പ് കാർഡും നൽകി.

To advertise here,

എന്നാലിപ്പോൾ പരദേസിന് നൽകിയ ചുവപ്പ് കാർഡ് പിൻവലിച്ചുവെന്ന് ബിബിസിയോട് വ്യക്തമാക്കിയിരിക്കുകയാണ് ഫിഫ. ആ സമയത്ത് അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഫിഫയുടെ കമന്റേറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ ചുവപ്പ് കാർഡ് തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും ഫിഫ വ്യക്തമാക്കി. ഫിഫയുടെ സ്‌കോർ കാർഡിൽ നിലവിൽ ഒരു റെഡ് കാർഡ് മാത്രമാണ് കാണിച്ചിരിക്കുന്നത്. ഇത് എൻസോ ഫെർണാണ്ടസിന് ലഭിച്ച കാർഡാണ്.

അതേസമയം മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കൂട്ടത്തല്ല് ഫിഫ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു അച്ചടക്ക സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇതിൽ ഉൾപ്പെട്ട താരങ്ങളും ഒഫീഷ്യലുകളും വിലക്ക് നേരിടേണ്ടി വരും. അർജന്റീന ഫുട്‌ബോൾ അസോസിയേഷനും പിഴ ചുമത്തിയേക്കാം.