മഡ്രിഡ്: ലാ ലിഗയില്‍ വമ്പന്മാര്‍ക്ക് ഇത് തിരിച്ചടികളുടെ ആഴ്ച. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് പിന്നാലെ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയും തോല്‍വി രുചിച്ചു. റയോ വയ്യെക്കാനോയാണ് ബാഴസയെ അട്ടിമറിച്ചത്. 

To advertise here,

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് വയ്യെക്കാനോ ബാഴ്‌സയെ വീഴ്ത്തിയത്. വയ്യെക്കാനോയ്ക്ക് വേണ്ടി ആല്‍വാരോ ഗാഴ്‌സ്യ റിവേറയും ഫ്രാന്‍ ഗാര്‍സ്യയും ലക്ഷ്യം കണ്ടപ്പോള്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. 

19-ാം മിനിറ്റില്‍ ആല്‍വാരോയിലൂടെ വയ്യെക്കാനോ മുന്നിലെത്തി. ആദ്യ പകുതിയില്‍ ടീം 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ ഫ്രാന്‍ വയ്യെക്കാനോയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. ഇതിനിടെ ബാഴ്‌സ ലെവന്‍ഡോവ്‌സ്‌കിയിലൂടെ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. 

ഒടുവില്‍ 83-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ലഭിച്ച ലെവന്‍ഡോവ്‌സ്‌കിയുടെ ബുള്ളറ്റ് ഷോട്ട് വലതുളച്ചു. 

തോറ്റെങ്കിലും ബാഴ്‌സ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 31 മത്സരങ്ങളില്‍ നിന്ന് 76 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് വയ്യെക്കാനോ ഈ വിജയത്തോടെ ഒന്‍പതാം സ്ഥാനത്തെത്തി. 31 മത്സരങ്ങളില്‍ നിന്ന് 43 പോയന്റാണ് ടീമിനുള്ളത്. 31 മത്സരങ്ങളില്‍ നിന്ന് 65 പോയന്റുള്ള റയല്‍ മഡ്രിഡാണ് പട്ടികയില്‍ രണ്ടാമത്. 63 പോയന്റുമായി അത്‌ലറ്റിക്കോ മഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്.