ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം. വെസ്റ്റ്ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ചെല്‍സിയുടെ തോല്‍വി. രണ്ട് തവണ ചെല്‍സി ലീഡെടുത്തിട്ടും വെസ്റ്റ്ഹാം തിരിച്ചടിക്കുകയായിരുന്നു. 

28-ാം മിനിറ്റില്‍ മേസണ്‍ മൗണ്ട് എടുത്ത കോര്‍ണര്‍ കിക്കില്‍ തിയാഗോ സില്‍വ ചെല്‍സിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് വെസ്റ്റ്ഹാം ഒപ്പം പിടിച്ചു. 40-ാം മിനിറ്റില്‍ മാനുവല്‍ ലാന്‍സിനി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിക്ക് സംഭവിച്ച അബദ്ധമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. 44-ാം മിനിറ്റില്‍ ചെല്‍സി വീണ്ടും ലീഡെടുത്തു. സിയെചിന്റെ ക്രോസില്‍ മേസണ്‍ മൗണ്ടിന്റെ വോളി വെസ്റ്റ്ഹാം വലയിലെത്തി. 

എന്നാല്‍ രണ്ടാം പകുതി വെസ്റ്റ്ഹാമിന്റേതായിരുന്നു. 56-ാം മിനിറ്റില്‍ സൗഫലിന്റെ പാസില്‍ ജെറോര്‍ദ് ബൗവന്‍ വെസ്റ്റ്ഹാമിന്റെ രണ്ടാം ഗോള്‍ നേടി. സ്‌കോര്‍ 2-2 ആയി. 87-ാം മിനിറ്റില്‍ ചെല്‍സിയെ ഞെട്ടിച്ച് ആര്‍തര്‍ മസോകോ വിജയഗോള്‍ കണ്ടെത്തി. പ്രയാസമേറിയ ആംഗിളില്‍ നിന്ന് മസോകോ തൊടുത്ത ഷോട്ട് വലയുടെ മൂലയിലെത്തി. 

ഈ വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി വെസ്റ്റ്ഹാം നാലാം സ്ഥാനത്താണ്. 33 പോയിന്റുമായി ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. ഈ സീസണില്‍ ചെല്‍സിയുടെ രണ്ടാം തോല്‍വിയാണിത്. 10 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയായി.

Content Highlights: EPL 2021 Chelsea vs West Ham Football